fbwpx
യുദ്ധങ്ങൾക്കും കലാപത്തിനും നശിപ്പിക്കാൻ കഴിയാത്ത വായന! ആഗോള ശ്രദ്ധ നേടി മൊസൂളിലെ മൊബൈൽ ലൈബ്രറി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Nov, 2024 10:07 AM

മൊസൂൾ തെരുവുകളിലെ സ്ഥിരം കാഴ്ചയാകുകയാണ് ഇറാഖി പ്രൊഫസറായ അബ്ദുൾസത്താർ അബ്ദുൾ ജബ്ബാറിൻ്റെ സഞ്ചരിക്കുന്ന ലൈബ്രറി

WORLD


പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭയപ്പെടുത്തുന്ന കഥകൾ ലോകം മുഴുവൻ മുഴങ്ങിയിരുന്നു. യുദ്ധങ്ങളും അധിനിവേശങ്ങളും അവശേഷിപ്പിക്കുന്നത് നാശങ്ങളുടെ കഥകൾ തന്നെയാണ്. എന്നാൽ ഈ കഥ അൽപം വ്യത്യസ്തമാണ്. യുദ്ധത്തിൽ തകർന്ന വായനാശാലകളെ വേറിട്ടൊരു മാർഗത്തിലൂടെ പുനരുജ്ജീവിപ്പിക്കുകയാണ് ഇറാഖിലെ ഒരു പ്രൊഫസർ. മൊസൂൾ തെരുവുകളിലെ സ്ഥിരം കാഴ്ചയാകുകയാണ് ഇദ്ദേഹത്തിൻ്റെ സഞ്ചരിക്കുന്ന ലൈബ്രറി.

വായനയിൽ വിലക്കപ്പെട്ട വിഷയങ്ങളോ, പാർശ്വവൽക്കരണമോ ഇല്ല. ജാതി, മത, ലിംഗ, വർണ ഭേദങ്ങളുമില്ല. കലാപങ്ങൾക്കോ യുദ്ധങ്ങൾക്കോ വായനയെ നശിപ്പിക്കാനും സാധിക്കില്ല. കാലം കരുതിവെച്ച പ്രതിസന്ധികൾക്കിപ്പുറം സമൂഹത്തെ ബോധവൽക്കരിക്കാനും ശബ്ദം നൽകാനുമുള്ള ധീരമായ ശ്രമങ്ങൾക്കൊപ്പം നിൽക്കുകയാണ് ഇറാഖി പ്രൊഫസറായ അബ്ദുൾസത്താർ അബ്ദുൾ ജബ്ബാർ. ആളുകളിൽ വായനാശീലം തിരികെയെത്തിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗമാണ് മൊബൈൽ ലൈബ്രറി.

ALSO READ: ലോക ശ്രദ്ധ ആകർഷിക്കാൻ ഗ്രീസിന്റെ തനത് കളിമൺ പാത്ര നിർമാണം; ഇനി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും


40 പേർക്ക് സഞ്ചരിക്കാനാകുന്ന ബസിലൊരുക്കിയ ഒരു ചലിക്കുന്ന ലൈബ്രറി. ബസിൻ്റെ ഉൾവശത്ത് നിർമ്മിച്ച തടി ഷെൽഫുകളിലാകെ ആയിരം പുസ്തകങ്ങൾ. ഇതിന് പുറമേ ഇൻ്റർനെറ്റ് സൗകര്യവും, ഒന്നര ദശലക്ഷത്തിലധികം വരുന്ന ഇ-ബുക്കുകളുള്ള ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധിപ്പിച്ച 10 കമ്പ്യൂട്ടറുകളുമുണ്ട്. വായനാ സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ മൊസൂളിലെ തെരുവുകളിലൂടെ ഈ ബസ് നീങ്ങിക്കൊണ്ടിരിക്കുന്നു.

2014-ൽ ഐഎസ് പിടിച്ചെടുത്ത മൊസൂൾ നഗരം 2017-ലാണ് സ്വതന്ത്രമായത്.അപ്പോഴേക്കും മൊസൂളിലെ ഭൂരിഭാഗം വായനാശാലകളും നശിച്ചിരുന്നു. 24 മണിക്കൂറും പ്രവർത്തനക്ഷമമായ ലൈബ്രറികളും നഗരത്തിലുണ്ടായിരുന്നില്ല. വായനയെ സമൂഹത്തിൻ്റെ അഭിവാജ്യ ഭാഗമായി കാണുന്ന യൂറോപ്യൻ മോഡലിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. എവിടെത്തിരിഞ്ഞാലും കഫെകളും റസ്റ്ററൻ്റുകളും കാണാം, എങ്കിൽ എന്തുകൊണ്ട് എവിടേക്കും എത്തിച്ചേരാവുന്ന ലൈബ്രറിയായിക്കൂടാ എന്ന ചിന്ത മൊബൈൽ ലൈബ്രറിയെന്ന ആശയത്തിലേക്ക് വഴിവെച്ചു.

ALSO READ: ലബനനിൽ താൽക്കാലിക വെടി നിർത്തൽ; നിർദേശങ്ങൾ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കും, ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി നെതന്യാഹു

മൊസൂൾ ഹെറിറ്റേജ് ഫൗണ്ടേഷൻ, ജർമൻ അക്കാദമി ഫോർ യൂത്ത്, കോറെക് ടെലികോം എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി യാഥാർഥ്യമായത്. മൊബൈൽ ലൈബ്രറിയുടെ സേവനം പൂർണമായും സൗജന്യമാണ്. നൂതന സങ്കേതങ്ങളിലൂടെ ഭാവിയിൽ കൂടുതൽ നവീകരണത്തിനും ലക്ഷ്യമിടുന്നുണ്ട്. നഗരങ്ങളിൽ റീഡിംഗ് ക്ലബ്ബുകൾ രൂപീകരിക്കുന്നതുൾപ്പെടെ ആലോചനയിലുണ്ട്. സ്മാർട്ട് ഫോണുകളിൽ മുഴുകിയിരിക്കുന്ന പുതുതലമുറയ്ക്ക് വേണ്ടിയും ഇവിടെ പദ്ധതികളുണ്ട്. പേപ്പർ പുസ്തകങ്ങളിൽ തൽപരരല്ലാത്തവർക്ക് ഇ-ബുക്കുകൾ സുലഭമാണ്.

പുസ്തകങ്ങൾ കെയ്റോയിൽ എഴുതി ബെയ്റൂട്ടിൽ അച്ചടിച്ച് ബാഗ്ദാദിൽ വായിക്കുന്നുവെന്ന പ്രശസ്തമായ അറബ് പഴഞ്ചൊല്ലുണ്ട്. വായനയാണ് വിജ്ഞാനമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലേക്ക്, വായനക്കാരൻ ലൈബ്രറിയിലേക്കെത്തും മുൻപേ ലൈബ്രറി തന്നെ വായനക്കാരനരികിലേക്ക് എത്തുകയാണ്. മൊസൂളിൽ മാത്രമല്ല, സമീപത്തെ ഏത് പ്രദേശത്തും വായനയെ ഇഷ്ടപ്പെടുന്നവർക്കായി ഈ പുസ്തകവണ്ടി ഓടിയെത്തും.


KERALA
കാസർഗോഡ് അമിത രക്തസ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു; പെൺകുട്ടി ഗർഭിണിയെന്ന് പൊലീസ്
Also Read
user
Share This

Popular

NATIONAL
NATIONAL
"യുദ്ധം തിരഞ്ഞെടുക്കാതെ, പ്രതികാരത്തിനുള്ള തീവ്രദേശീയ ആഹ്വാനങ്ങൾ തള്ളിയ മോദി"; പ്രശംസിച്ച് ചിദംബരം