2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാൻ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചെന്നാണ് ജയിംസ് ജോർജിന്‍റെ ആരോപണം
ജയിംസ് ജോർജ്
കേസ് ഒതുക്കിത്തീർക്കാന്‍ കശുവണ്ടി വ്യാപാരിയിൽ നിന്നും കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ഉൾപ്പെടെ പിടിയിലായതിനു പിന്നാലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. സാമ്പത്തിക ഇടപാട് കേസ് ഒത്തു തീർപ്പാക്കാൻ ഇഡി ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കൊല്ലം കടപ്പാക്കട സ്വദേശിയും മോഡേൺ ഗ്രൂപ്പ് ചെയർമാനുമായ ജയിംസ് ജോർജ് ആണ് രംഗത്തെത്തിയിരിക്കുന്നത്. 2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാൻ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചെന്നും ജയിംസ് ജോർജ് വ്യക്തമാക്കി.
Also Read: കശുവണ്ടി വ്യാപാരിയുടെ കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങാൻ ശ്രമിച്ചു; ഇഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതി
മോഹനൻ എന്ന കൊല്ലത്തുനിന്നുള്ള ഒരു ഇഡി ഉദ്യോഗസ്ഥനാണ് കൈക്കൂലി ആവശ്യപ്പെട്ട് ഉപദ്രവിച്ചതെന്ന് ജയിംസ് ജോർജ് പറയുന്നു. കേസ് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഒരു അലിയാണ് ബന്ധപ്പെട്ടത്. ഇയാൾ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും താനിത് നിരസിച്ചുവെന്നും ജയിംസ് ജോർജ് പറയുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഒരു കോടിയിൽ താഴെയുള്ള കേസൊന്നും ഒത്തുതീർപ്പാക്കേണ്ട എന്നാണ് പറഞ്ഞിരിക്കുന്നതെന്നും അത് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് പറഞ്ഞതായും മോഡേൺ ഗ്രൂപ്പ് ചെയർമാൻ ആരോപിക്കുന്നു.
കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീർക്കാന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ആണ് വിജിലൻസ് പ്രതി ചേർത്തത്. ഇടനിലക്കാർ മുഖേന ഇയാൾ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിൽസൺ, മുകേഷ് കുമാർ എന്നിവരുമായി ശേഖർ കുമാർ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. വ്യാപാരിയുടെ വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥന് കൈമാറിയ ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത് വാര്യരും പിടിയിലായിട്ടുണ്ട്. ഇയാൾ കേസില്‍ നാലാം പ്രതിയാണ്.