
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും വിജയക്കൊടി പാറിച്ച് സിപിഎം സ്ഥാനാര്‍ഥി യൂസഫ് തരിഗാമി. 1996 മുതല്‍ കുല്‍ഗാമിന്റെ എംഎല്‍എയാണ്. 1996ന് ശേഷം 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചു. ജമ്മു കശ്മീര്‍ നിയമസഭയില്‍ എത്തിയ ഏക കമ്യൂണിസ്റ്റ് നേതാവ് കൂടിയാണ് തരിഗാമി.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്നാണ് ഇത്തവണ സിപിഎം ജമ്മു കശ്മീരില്‍ മത്സരിച്ചത്. ശക്തമായ മത്സരമായിരുന്നു കുല്‍ഗാമില്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സയ്യര്‍ അഹ്‌മദ് റേഷി കുല്‍ഗാമില്‍ തരിഗാമിക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ജമാഅത്തെ ഇസ്ലാമി, റേഷിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി നിര്‍ത്തിയതെന്ന് തരിഗാമി ആരോപണമുന്നയിച്ചിരുന്നു. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൂടിയാണ് യൂസഫ് തരിഗാമി. 2014ല്‍ കശ്മീരില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ നസീര്‍ അഹ്‌മ്മദിനെ 20240 വോട്ടുകള്‍ക്കാണ് തരിഗാമി പരാജയപ്പെടുത്തിയത്.
കശ്മീരിലെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര നടപടിക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തികൂടിയാണ് തരിഗാമി. ഇതിന് പിന്നാലെ 2019ല്‍ തരിഗാമിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവുകൂടിയാണ് ഇദ്ദേഹം.