
എക്സിറ്റ് പോളുകൾ തെറ്റിധാരണാജനകമെന്നും, മാധ്യമങ്ങൾ ആത്മപരിശോധന നടത്തി തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. എക്സിറ്റ് പോളുകളിലൂടെ പുറത്തുവരുന്നത് നിറവേറാൻ സാധിക്കാത്ത കാര്യങ്ങളെന്നും, എക്സിറ്റ് പോളുകൾ മുഖവിലയ്ക്കെടുക്കുന്നതിന് മുൻപ്, എന്തിൻ്റെ അടിസ്താനത്തിലുള്ളതാണെന്നും, എത്ര പേരുടെ സാമ്പിളാണ് എടുത്തതെന്നും കൂടി അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ പറഞ്ഞു. ഇന്ന് മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികളും, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിറ്റ് പോളുകളിലെ അപാകതയെ കുറിച്ചും, മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന് എക്സിറ്റ് പോളിനെ നിയന്ത്രിക്കാനാവില്ല. എന്നാൽ, മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. മാധ്യമ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാജീവ് കുമാർ പറഞ്ഞു. പ്രതീക്ഷയും യാഥാർഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. അത് നിരാശയിലേക്ക് നയിച്ചേക്കും. എക്സിറ്റ് പോളുകൾ എപ്പോഴും യാഥാർഥ്യമാകുമെന്ന് വിശ്വസിക്കരുതെന്നും രാജീവ് കുമാർ പറഞ്ഞു.
നേരത്തെ, ജമ്മു കശ്മീരിലും ഹരിയാനയിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ, വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു വന്നിരുന്നത്. ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും, ബിജെപി രണ്ടാം സ്ഥാനത്തായിരിക്കുമെന്നുമായിരുന്നു പ്രവചനം. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി വിജയിക്കുകയായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രസ്താവന.
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി നവംബർ നാലിനാണ്.
ജാർഖണ്ഡിൽ രണ്ട് ഘട്ടമായി നവംബർ 13നും 20നുമായിരിക്കും പോളിങ് നടക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണറായ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു നവംബര്‍ 13നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക