സംഭവത്തിൽ കൊടുവള്ളി പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫിയെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് താമരശേരിയിൽ വീണ്ടും കുഴൽപ്പണ വേട്ട. ദേശീയ പാതയിൽ വാഹന പരിശോധനക്കിടയിലാണ് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 38 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെ താമരശേരി ദേശീയ പാതയിൽ പരപ്പൻപൊയിലിൽ വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് കുഴൽ പണം പിടികൂടിയത്. 38 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. സംഭവത്തിൽ കൊടുവള്ളി പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫിയെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; എക്സൈസ് കണ്ടെടുത്തത് 3 കിലോയോളം കഞ്ചാവ്
പണം മറ്റാർക്കോ കൈമാറാനായി പരപ്പൻ പൊയിൽ പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ കാത്തിരിക്കുകയായിരുന്നു പ്രതി. പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കുഴൽ പണം കണ്ടെത്തിയത്. താമരശേരി ട്രാഫിക് എസ് ഐ സത്യൻ, എസ്ഐമാരായ പ്രകാശൻ, അൻവർഷ, സീനിയർ സിപിഒ പ്രവീൺ, ജിൻസിൽ, സിപിഒ ബിനോയ് എന്നിവർ ചേർന്നാണ് കുഴൽപ്പണം പിടികൂടിയത്.