കോട്ടയം നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്: ഓഡിറ്റ് വിഭാഗം പരിശോധന നടത്തി

മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നഗരസഭയിൽ പരിശോധന നടത്തിയത്. ഫയലുകൾ, ബാങ്ക് ഇടപാടു രേഖകൾ എന്നിവ അടക്കം ഓഡിറ്റ് വിഭാഗം പരിശോധിച്ചു
കോട്ടയം നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്: ഓഡിറ്റ് വിഭാഗം പരിശോധന നടത്തി
Published on

കോട്ടയം നഗരസഭയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഓഡിറ്റ് വിഭാഗം പരിശോധന നടത്തി. മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പിൻ്റെ പശ്ചാതലത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നഗരസഭയിൽ പരിശോധന നടത്തിയത്. ഫയലുകൾ, ബാങ്ക് ഇടപാട് രേഖകൾ എന്നിവ അടക്കം ഓഡിറ്റ് വിഭാഗം പരിശോധിച്ചു.

കോട്ടയം നഗരസഭയിൽ ജോലി ചെയ്യവെ ക്ലർക്കായ അഖിൽ കുടുംബ പെൻഷൻ തുക സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. തട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. നഗരസഭയുടെ പരിശോധനയിൽ ഫണ്ട് തട്ടിയെടുത്തതായി ബോധ്യപ്പെട്ടതോടെ അഖിലിനെ ജോലിയിൽ നിന്ന് സസ്‌പൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും അഖിൽ സി. വർഗീസ് കാണാമറയത്ത് തുടരുകയാണ്. ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസിനും, പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് എട്ടിന് തമിഴ്നാട്ടിൽ എത്തിയതായി മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഏക വിവരം. പ്രതിയെ പിടികൂടാനാവാത്തത് രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ കണ്ടെത്താനായില്ല. പ്രതി രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2020 മുതൽ 2023 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com