സംസ്ഥാനത്ത് ഇന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലേര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്
സംസ്ഥാനത്ത് കാലവർഷമെത്തിയതിന് പിന്നാലെ അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് സൈറൺ മുഴക്കും. സംസ്ഥാനത്ത് ഇന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലേര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് നാളെയും അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ (25-05-25) അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം റെഡ് അലേർട്ട്. മറ്റന്നാൾ (26-05-25) പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണ കാലവര്‍ഷമെത്തുന്നതായി കണക്കാക്കുന്നത് ജൂണ്‍ ഒന്ന് മുതലാണ്. ആ കണക്കനുസരിച്ച് ഇത്തവണ എട്ട് ദിവസം നേരത്തെയാണ് മണ്‍സൂണ്‍ ആരംഭിച്ചിരിക്കുന്നത്. 2009ന് ശേഷം ആദ്യമായാണ് ഇത്ര നേരത്തെ കാലവര്‍ഷമെത്തുന്നത്. 2009ല്‍ മെയ് 23നായിരുന്നു കേരളത്തില്‍ കാലവര്‍ഷമെത്തിയത്. 1975ന് ശേഷം നേരത്തെ മഴയെത്തിയത് 1990ല്‍ മെയ് 19നായിരുന്നു. അത് സാധാരണ കാലവര്‍ഷമെത്തുന്ന ജൂണ്‍ ഒന്നിനും 13 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.
ALSO READ: അതിശക്ത മഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി
കേരളത്തില്‍ അതിശക്തമായ മഴയാണെന്നും ഒരു ന്യൂനമര്‍ദ്ദ സാധ്യത കൂടിയുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. എല്ലാ ജില്ലകളിലും ഇന്നലെയും ഇന്നുമായി മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പിണറായിയില്‍ ആണ്. അലേര്‍ട്ടിനപ്പുറം പൊതുവായ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.