എറണാകുളം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കാർത്തികയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്
കൊച്ചിയിൽ വിദേശവിസ വാഗ്ദാനം ചെയ്ത് മോഡൽ കാർത്തിക പ്രദീപ് നടത്തിയ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിയുമായി ചേർന്നാണ് കാർത്തിക തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കാർത്തികയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. തട്ടിയെടുത്ത പണം വിദേശത്തേയ്ക്ക് കടത്തിയതായും കണ്ടെത്തി. പണം നഷ്ടമായവരെ കാർത്തികയ്ക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘങ്ങളേയും പൊലീസ് ചോദ്യം ചെയ്യും.
ALSO READ: വിദേശജോലി വാഗ്ദാനം ചെയ്ത് കാർത്തിക തട്ടിയത് 20 കോടി രൂപ; ഇതുവരെ രജിസ്റ്റർ ചെയ്തത് 40 കേസുകള്‍
യുകെ, ഓസ്ട്രേലിയ, ജർമനി അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് കാർത്തിക പ്രദീപ് തട്ടിപ്പ് നടത്തിയത്. യുക്രെയ്നിൽ ഡോക്ടർ ആണെന്നായിരുന്നു ജോലി തേടിയെത്തിയവരോട് ഇവർ പറഞ്ഞിരുന്നത്. എന്നാൽ എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയ വഴിയും ഫ്ലക്‌സ് ബോർഡുകളിലും നൽകിയിരുന്നു. ജോലിക്കായി പണം നൽകി ജോലി കിട്ടാതായതോടെ പണം തിരികെ ചോദിച്ചവരെ കാപ്പാ കേസ് പ്രതികളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ചാണ് കാർത്തിക ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
പണം നഷ്ടപ്പെട്ടവരെ കാർത്തിക ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനാണെന്നും കാർത്തിക പരാതിക്കാർക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ലഹരി സംഘങ്ങൾക്ക് പണം കൈമാറിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചിരുന്നു. കാർത്തിക പ്രദീപ് മോഡലിങ്ങിൻ്റെ മറവിലും തട്ടിപ്പ് നടത്തിയിരുന്നതായാണ് സൂചന. ഇരുപത്തിയഞ്ചുകാരിയായ കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലെ താരമാണ്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകർ.