അജ്മല്‍ എത്താത്തതില്‍ കുടുംബം ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല
കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത. തട്ടിക്കൊണ്ടു പോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ ഒന്നര മാസം മുമ്പ് ദുബായില്‍ നിന്ന് നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇതുവരെ വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് പിതാവ് പറയുന്നത്.
പക്ഷേ, അജ്മല്‍ എത്താത്തതില്‍ കുടുംബം ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇവരുടെ വീട്ടില്‍ നേരത്തേയും ആളുകളെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യം വീട്ടിലെത്തിയ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Also Read: കോഴിക്കോട് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി; പരാതിയുമായി കുടുംബം
കഴിഞ്ഞ ദിവസമാണ് കൊടുവള്ളി സ്വദേശി അനൂസ് റോഷനെയാണ് വൈകീട്ട് ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. റോഷന്റെ സഹോദരന്‍ അജ്മലുമായി ദുബായില്‍ വെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് മാതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്. പണം നല്‍കിയാല്‍ റോഷന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്നും പറഞ്ഞതായി മാതാവ് പറഞ്ഞിരുന്നു.
അഞ്ച് ദിവസം മുമ്പും ഇതേ സംഘം സ്ഥലത്തെത്തിയതായി സൂചനയുണ്ട്. അനൂസ് റോഷനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. KL 65 L8306 നമ്പര്‍ കാറിലാണ് സംഘം എത്തിയത്.