സിറിയൻ സംഘർഷം: നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും എസ്‌ഒഎച്ച്‌ആർ അറിയിച്ചു
സിറിയൻ സംഘർഷം: നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Published on

സിറിയൻ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡൻ ബഷാർ അസദിൻ്റെ വിശ്വസ്തരും തമ്മിൽ രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. സിറിയൻ തീരത്ത് തുടരുന്ന ആക്രമണത്തിൽ അലവെറ്റ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട നൂറുകണക്കിന് സാധാരണക്കാരെ സിറിയൻ സുരക്ഷാ സേന കൊലപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്. ഒരു യുദ്ധനീരീക്ഷണ സംഘമാണ് ഈ ആരോപണം പുറത്തുവിട്ടത്.


സംഘർഷത്തിൽ 745ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് ആസ്ഥാനമായുള്ള ഒബ്‌സർവർ ഫോർ ഹ്യുമൻ റെറ്റ്സ് (എസ്‌ഒഎച്ച്‌ആർ) പറഞ്ഞു. ഇതിനുപുറമേ 125ഓളം സർക്കാർ സുരക്ഷാ സേനാംഗങ്ങളും, അസദുമായി ബന്ധപ്പെട്ട സായുധ ഗ്രൂപ്പുകളിലെ 148 തീവ്രവാദികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഘർഷമേഖലകളിലെ വൈദ്യതിയും കുടിവെള്ളവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സിറിയൻ ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയാണ് സംഘർഷമുയർത്തുന്നത്.


ഡിസംബറിൽ വിമതർ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും എസ്‌ഒഎച്ച്‌ആർ കൂട്ടിച്ചേർത്തു. അക്രമം അലവെറ്റ് സമൂഹത്തെ ഭയാനകമായ അവസ്ഥയിലാക്കിയിരിക്കുന്നുവെന്ന് നഗരത്തിലെ ഒരു ആക്ടിവിസ്റ്റ് പറഞ്ഞതായി ബിബസി റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ആളുകൾ ദുരിതബാധിത പ്രദേശത്ത് നിന്ന് പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്.

നിരവധി പേർ ലബനിലേക്ക് പലായനം ചെയ്തെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിലെ സംഘർഷത്തെ തുടർന്ന് നിരവധി പേർ മരിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ തനിക്ക് ആശങ്കയുണ്ടെന്ന് സിറിയയുടെ യുഎൻ പ്രതിനിധി ഗീർ പെഡെർസൺ പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും, രാഷ്ട്രീയ പരിവർത്തനത്തെ അപകടത്തിലാക്കുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കഴിഞ്ഞ ഡിസംബറിലാണ് സിറിയയിലെ വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനി സിറിയയിൽ അധികാരത്തിലെത്തിയത്. ഇതിനു പിന്നാലെ അസദ് ഭരണകൂടത്തിൻ്റെ തകർച്ച സിറിയൻ ജനത ആഘോഷമാക്കിയിരുന്നു. സംഘർഷബാധിത പ്രദേശങ്ങളായ ടാർടസ്, ലതാകിയ ഗവർണറേറ്റുകളിലെ മിക്കപ്രദേശങ്ങളും തിരിച്ചുപിടിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഇവിടെ ഇപ്പോഴും കർഫ്യൂ തുടരുകയാണ്.

പേരാളികളോട് ആയുധം താഴെ വച്ച് കീഴടങ്ങാൻ , സിറിയൻ ഇടക്കാല പ്രസിഡൻ്റ് അഹമ്മദ്-അൽ- ഷറ ആഹ്വാനം ചെയ്തു. ശനിയാഴ്ചയോടെ സംഘർഷത്തിൻ്റെ തീവ്രത കുറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ പട്ടണങ്ങളിലെ ചില പ്രാന്തപ്രദേശങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടലുകൾ ഉണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com