മകളെ പുഴയിൽ എറിഞ്ഞു കൊന്നതിൽ കുറ്റബോധമോ സങ്കടമോ അമ്മയ്ക്ക് ഇല്ലെന്നും പൊലീസ് പറയുന്നു.
ആലുവയിലെ മൂഴിക്കുളം പാലത്തിന് സമീപത്ത് വെച്ച് നാല് വയസുകാരിയായ മകളെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ കുറ്റബോധം പ്രകടിപ്പിക്കാതെ അമ്മ സന്ധ്യ. നാടൊന്നാകെ കല്യാണിക്കായി തെരച്ചിൽ നടത്തുമ്പോഴും അമ്മ സന്ധ്യ ഇന്നലെ രാത്രി സ്റ്റേഷനിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മകളെ പുഴയിൽ എറിഞ്ഞു കൊന്നതിൽ കുറ്റബോധമോ സങ്കടമോ അമ്മയ്ക്ക് ഇല്ലെന്നും പൊലീസ് പറയുന്നു. രാത്രി പൊലീസ് വാങ്ങി നൽകിയ ഭക്ഷണം കഴിച്ച ശേഷമാണ് സന്ധ്യ സ്റ്റേഷനിൽ കിടന്ന് ഉറങ്ങിയത്.
അതേസമയം, കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് ലഭിച്ചതോടെ അമ്മയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ആലുവ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അമ്മയെ മാറ്റും. കൊലപാതകവുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യൽ ഇനി ആലുവയിൽ വെച്ചാകും നടത്തുക. അമ്മയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയെടുക്കും
കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. എന്ന് മുതലാണ് സന്ധ്യ മാനസികാരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങൾ ശേഖരിക്കും.
കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഒൻപത് മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിക്കും. ഇതിന് ശേഷം മൃതദേഹം കുട്ടിയുടെ പിതാവിൻ്റെ വീടായ പുത്തൻകുരിശിലെ മറ്റക്കുഴിയിൽ എത്തിക്കും.
മകളെ കൊല ചെയ്യാനുറപ്പിച്ച് അമ്മയുടെ യാത്ര
കുടുംബ പ്രശ്നങ്ങൾക്കിടയിൽ പെട്ട് കുഞ്ഞുങ്ങൾ അമ്മമാരുടെ കൈകളാൽ കൊല്ലപ്പെടുന്ന ഏറ്റവും പുതിയ സംഭവമാണ് കല്യാണി കുട്ടിയുടെ മരണം. കൃത്യമായി ആലോചിച്ച് ഉറപ്പിച്ച കൊലപാതകമെന്ന് വിശേഷിപ്പിക്കേണ്ടി വരും ഈ പിഞ്ചുകുഞ്ഞിന്റെ മരണം. മകളെ കൊല ചെയ്യാൻ ഉറപ്പിച്ച് തന്നെയായിരുന്നു അമ്മയുടെ യാത്ര.
കുട്ടിയുമായി അമ്മ സഞ്ചരിച്ചതിനെക്കുറിച്ചുള്ള അനുമാനം ഇങ്ങനെയാണ്.
കുട്ടിയുമായി 3.30ഓടെ തിരുവാങ്കുളത്തു നിന്ന് ബസിൽ കയറി ആലുവയിലേക്ക് എത്തി. ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോയിൽ കുറുമശേരിയിലേക്ക് പോയി. അവിടെ നിന്ന് ബസിൽ മൂഴിക്കുളത്തേക്ക്. അവിടെ വരെ കുട്ടിയുമായി എത്തിയ അമ്മയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തിരികെ കുട്ടിയില്ലാതെ മൂഴിക്കുളത്ത് നിന്ന് കുറുമശേരിയിലേക്ക് തിരികെ പോയി. പാലത്തിന്റെ ഭാഗത്തു നിന്ന് നടന്നാണോ വാഹനത്തിലാണോ വന്നത് എന്നത് ഉറപ്പില്ല. ഇതിന് ശേഷം കുറുമശേരിയിൽ നിന്ന് വൈകിട്ട് ആറരയോടെ ഓട്ടോയിൽ ഒന്നര കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക് എത്തിയത്.
വീട്ടുകാരുടെയും മറ്റും നിരന്തര ചോദ്യത്തിനൊടുവിൽ അമ്മ സന്ധ്യയിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടികൾ വന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും രാത്രിഎട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണമാരംഭിക്കുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടുത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മറുപടി ലഭിച്ചു. ഇതോടെ നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക് തിരിഞ്ഞു. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിച്ചു.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്തത്തിൽ പൊലീസ് സംഘം പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തി. നാട്ടുകാരും ചെറിയ വള്ളങ്ങളിൽ തെരച്ചിൽ നടത്തി. ആഴമുള്ള സ്ഥലമായതിനാൽ സ്കൂബ ടീമിനെ വിളിക്കാൻ തീരുമാനമെടുത്തു. രാത്രി 12.45ഓടെ ആലുവയിൽ നിന്നുള്ള യു.കെ. സ്കൂബ ടീം സ്ഥലത്തെത്തി. ഒരു മണിയോടെ സ്കൂബ ടീം ചാലക്കുടി പുഴയിൽ തിരച്ചിൽ ആരംഭിച്ചു. വെളുപ്പിനെ 2 മണിക്കു ശേഷവും തിരച്ചിൽ തുടർന്നെങ്കിലും കനത്ത മഴയും വെള്ളത്തിനടയിൽ കിടക്കുന്ന മരക്കഷ്ണങ്ങളും ഇരുട്ടും തിരച്ചിലിന് വെല്ലുവിളി ഉയർത്തി. പുലർച്ചെ 2.30ഓടെ ഫയർ ഫോഴ്സിന്റെ സ്കൂബ ടീം കൂടിയെത്തി. അവർ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ സമയത്തു തന്നെ ആലുവയിൽ നിന്നുള്ള സ്കൂബ സംഘത്തിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.
ALSO READ: നോവായി കല്യാണി; തൃപ്പൂണിത്തുറയിൽ മകളെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് ഉടൻ