കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു
എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ സന്ധ്യയുടെ മൊഴി പുറത്ത്. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആലുവപ്പുഴയുടെ പരിസരത്ത് അതിനായി എത്തിയിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെയാണ് മൂഴിക്കുളത്തേക്ക് പോയതെന്നും സന്ധ്യ പറയുന്നു.
"ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. ജീവനൊടുക്കാനും തീരുമാനിച്ചിരുന്നു. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനൊടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നു. രണ്ടുപേരെയും ഒരുമിച്ചു കൊണ്ടു പോയാൽ രണ്ടുപേരും രക്ഷപ്പെടുമെന്ന് കരുതി. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിന്റെ വീട്ടിൽ കടുത്ത ഒറ്റപ്പെടലാണ്. താൻ പറയുന്ന എല്ലാ കാര്യവും മക്കൾ ഭർത്താവിനെയും കുടുംബത്തിനെയും അറിയിച്ചിരുന്നു. ഇതും തനിക്ക് ദേഷ്യം ഉണ്ടാക്കിയെന്നും" സന്ധ്യയുടെ മൊഴി.
ALSO READ: മധ്യകേരളത്തിലെ ദേശീയപാതയിലും വിള്ളൽ; ചാവക്കാട് എൻഎച് 66ലെ മേൽപ്പാലത്തിൽ 50 മീറ്ററോളം ഭാഗം വിണ്ടുകീറി
അതേസമയം, സന്ധ്യ മകൾ കല്യാണിയെയും കൊണ്ട് ആലുവയിൽ എത്തിയ കാര്യം ഓട്ടോറിക്ഷ തൊഴിലാളികളെ കണ്ടു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
കുടുംബ പ്രശ്നങ്ങൾക്കിടയിൽ പെട്ട് കുഞ്ഞുങ്ങൾ അമ്മമാരുടെ കൈകളാൽ കൊല്ലപ്പെടുന്ന ഏറ്റവും പുതിയ സംഭവമാണ് കല്യാണി കുട്ടിയുടെ മരണം. മേയ് 20ന് മൂന്ന് മണിയോടെയാണ് അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി സന്ധ്യ ഇറങ്ങിയത്. തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്കാണ് ആദ്യം പോയത്. ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ സന്ധ്യ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണ് മൂഴിക്കുളം പാലത്തിൻ്റെ മൂന്നാമത്തെ തൂണിന് സമീപം കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.