
കണ്ണൂരിൽ കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിന് ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഈ സമയത്ത് കൂടെയാരുമില്ലെന്നാണ് നിഗമനം. തലശേരി കോടതിയിൽ നിന്ന് തളിപ്പറമ്പ കോടതിയിലേക്ക് മാറ്റിയ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം.
ഒന്നര വയസുകാരനായ മകൻ വിയാനെ 2020 ഫെബ്രുവരി 17നാണ് പാറക്കെട്ടിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാൻ ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് തവണയാണ് ശരണ്യ കുട്ടിയെ കടൽഭിത്തിയായ കരിങ്കൽ കെട്ടിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിൻ്റെ മരണം ഉറപ്പിച്ച ശേഷം ശരണ്യ വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭർത്താവിന് മേൽ കെട്ടിവെക്കാനും ശരണ്യ ശ്രമം നടത്തിയിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനും തെളിവ് നിരത്തലിനുമൊടുവിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ അംശമുണ്ടായിരുന്നെന്ന ഫോറന്‍സിക് പരിശോധന ഫലം, കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്‍റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്‍റെ ഫോണ്‍ വിളികള്‍ എല്ലാം കുറ്റപത്രത്തില്‍ പൊലീസ് വിശദമാക്കുന്നുണ്ട്. ശരണ്യയുടെ കാമുകന്‍ നിധിനെയും കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.