'എന്റെ മകൻ പോയി അല്ലേ?'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇളയ മകൻ്റെ മരണവിവരം മാതാവിനെ അറിയിച്ചു

ഭർത്താവ് അബ്ദുൽ‌ റഹീമിന്റെ സാന്നിധ്യത്തിലാണ് വിവരം അറിയിച്ചത്
'എന്റെ മകൻ പോയി അല്ലേ?'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇളയ മകൻ്റെ മരണവിവരം മാതാവിനെ അറിയിച്ചു
Published on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽരണ്ടാമത്തെ മകൻ അഹ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു.  ഭർത്താവ് അബ്ദുൽ‌ റഹീമിന്റെ സാന്നിധ്യത്തിലാണ് വിവരം അറിയിച്ചത്.   ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം.  മറ്റ് കൊലപാതകങ്ങൾ ഷെമിയെ അറിയിച്ചിട്ടില്ല. കൊലപാതക ശ്രമത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അഫാന്റെ മാതാവ് ഷെമി കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴി നേരത്തെ ആവര്‍ത്തിച്ചിരുന്നു. മജിസ്ട്രേറ്റിന് നല്‍കിയ ആദ്യ മൊഴിയിലും രണ്ടാം മൊഴിയിലും മകന്‍ ആക്രമിച്ചത് ഷെമി മറച്ചുവെക്കുകയാണ് ഉണ്ടായത്.

അതേസമയം,  പ്രതി അഫാൻ മൊഴിയിൽ ഉറച്ച് നിൽക്കുകയാണ്. കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് പാങ്ങോട് പൊലീസിനോടും അഫാൻ ആവ‍ർത്തിച്ചു. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്താൻ കാരണം സ്വർണമാല നൽകാത്തതാണെന്നും അഫാൻ പറഞ്ഞു.

കേസിൽ അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് നടത്തും.

അഫാനെ കൊലപാതകങ്ങള്‍ നടന്ന വീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകളോടെ ആയിരിക്കും തെളിവെടുപ്പ്. കൊലപാതകങ്ങളിലേക്ക് നയിച്ച സാമ്പത്തിക ബാധ്യതയ്ക്ക് അമ്മ ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കടബാധ്യത മൂലമാണ് കൂട്ടക്കൊല നടത്തിയതെന്ന അഫാന്റെ മൊഴി പിതാവ് അബ്ദുല്‍ റഹീം തള്ളിയിരുന്നു. പ്രതിക്ക് കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പിതാവിന്റെ പ്രതികരണം. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും പിതാവ് പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അബ്ദുല്‍ റഹീം സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇഖാമ കാലാവധി അവസാനിച്ചിരുന്നെങ്കിലും രണ്ടര വര്‍ഷമായി യാത്രാവിലക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.

ഫെബ്രുവരി 24നാണ് കേരളത്തെ നടുക്കിയകൊലപാതക വിവരം പുറത്തുവന്നത്. സഹോദരന്‍ അഫ്‌സാന്‍, ഉപ്പയുടെ സഹോദരന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫര്‍ഷാന എന്നിവരെയാണ് പ്രതി അഫാന്‍ കൊല്ലപ്പെടുത്തിയത്. പുല്ലംപാറ, പാങ്ങോട്, ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരന്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com