മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി സർക്കാർ

കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്
മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കി സർക്കാർ
Published on

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി സർക്കാർ. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായര്‍ കമ്മീഷന് നല്‍കിയിരിക്കുന്ന നിർദേശം.

മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള ശുപാർശ അടക്കം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെടിരിക്കുന്നത്. മുനമ്പത്തെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിക്കണമെന്നും സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ നിലവിലെ സ്വഭാവം, വ്യാപ്തി, സ്ഥിതി എന്നിവ കണ്ടെത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കമ്മീഷന്‍റെ ശുപാര്‍ശ പരിശോധിച്ച ശേഷമാകും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും തുടര്‍ നടപടികള്‍ ഉണ്ടാവുക.

അതേസമയം, ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി മുനമ്പം ഭൂസംരക്ഷണ സമരസമിതി സ്വാഗതം ചെയ്തു. കമ്മീഷനുമായി പൂർണരീതിയിൽ സഹകരിക്കുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി അറിയിച്ചു.

കമ്മീഷൻ പരിഗണിക്കുന്ന വിഷയങ്ങൾ വളരെ കൃത്യമാണ്. നടപടികൾ മൂന്ന് മാസത്തിനകംതന്നെ പൂർത്തിയാക്കാൻ സാധിക്കും എന്ന് കരുതുന്നു. പ്രശ്നപരിഹാരം വേഗമുണ്ടാകണമെന്ന് തന്നെയാണ് സമരസമിതിയുടെ ആവശ്യം. കമ്മീഷൻ നടപടികൾ പൂർത്തിയാകും വരെ നിലവിലെ സമരം തുടരാൻ തന്നെയാണ് ഇപ്പോഴുള്ള തീരുമാനമെന്നും ബെന്നി ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com