കുഞ്ഞിനെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതാണെന്നും ആലുവയിൽ എത്തിയ ശേഷമാണ് കൊലപാതകം നടത്താൻ തീരുമാനിക്കുന്നതെന്നും അമ്മ മൊഴി നൽകി
എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിൽ കുട്ടിയുടെ അമ്മയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞ് പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഞ്ഞിനെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതാണെന്നും ആലുവയിൽ എത്തിയ ശേഷമാണ് കൊലപാതകം നടത്താൻ തീരുമാനിക്കുന്നതെന്നും അമ്മ മൊഴി നൽകി.
നാലു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമ്മയുടെ മൊഴി പുറത്തുവരുന്നത്. കുട്ടിയെ കൊല ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമ്മയുടെ മറുപടി. കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്ന് അമ്മ പറയുന്നു. എന്നാൽ പീഡന വിവരം ഇവർ അറിഞ്ഞിരുന്നില്ല. ഭർത്താവിനോടും ഭർത്താവിൻ്റെ വീട്ടുകാരോടും കടുത്ത ദേഷ്യമുണ്ടായിരുന്നു. ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നതെന്നും അമ്മ മൊഴി നൽകി.
കുട്ടിയുടെ കൊലപാതകവും പോക്‌സോ കേസും തമ്മിലുള്ള ബന്ധം അന്വേഷിച്ചുവരികയായിരുന്നു പൊലീസ്. എന്നാൽ പീഡനവിവരം അറിയില്ലെന്ന അമ്മയുടെ മൊഴി നിർണായകമാണ്. അതേസമയം നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അടുത്ത ബന്ധുവായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്സോ, ബാലനീതി വകുപ്പുകളാണ് അടുത്ത ബന്ധുവായ ഇയാള്‍ക്കെതിരെ ചുമത്തിയത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ALSO READ: നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.