വൈകിട്ട് നാലോടെ തിരുവാണിയൂരിൽ ആണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ
കല്യാണി, റൂറൽ എസ്പി എം. ഹേമലത
എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊന്ന് ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നാണ് സന്ധ്യയുടെ കുറ്റസമ്മതം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് സ്റ്റേഷനില്‍ സന്ധ്യയെ ചോദ്യംചെയ്യും. വൈകുന്നേരം നാല് മണിക്കാണ് കല്യാണിയുടെ സംസ്കാരം .
കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് റൂറൽ എസ്പി എം. ഹേമലത മാധ്യമങ്ങളെ അറിയിച്ചത്. സന്ധ്യയുടെയും കുട്ടിയുടേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷിക്കുകയാണെന്നും എസ്പി പറഞ്ഞു. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എസ്പി എം. ഹേമലത കൂട്ടിച്ചേർത്തു.
കൊലപാതകത്തിന് പിന്നാലെ സന്ധ്യയുടെയും ഭർത്താവ് സുഭാഷിന്‍റെയും വീട്ടുകാർ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഭർതൃവീട്ടിലെ പീഡനം കാരണമാണ് മകൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സന്ധ്യയുടെ അമ്മ അല്ലിയും ബന്ധുക്കളും പറയുന്നത്. മകൾക്കും ഭർത്താവിനും ഇടയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് മദ്യപാനി ആണെന്നും സന്ധ്യയെ നിരന്തരം മർദിക്കുമായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.
കുട്ടി അച്ഛന്റെ വീട്ടുകാരോട് അടുപ്പം കാണിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണം എന്നാണ് സുഭാഷിൻ്റെ ബന്ധുക്കളുടെ ആരോപണം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് വീട്ടിലേക്ക് എത്തിയതെന്നും ഇവർ പറയുന്നു. സ്റ്റേഷനിലും യാതൊരു കൂസലും ഇല്ലാതെയായിരുന്നു സന്ധ്യയുടെ പെരുമാറ്റം. രാത്രി നന്നായി ഭക്ഷണം കഴിച്ച ശേഷം ലോക്കപ്പിൽ കിടന്നുറങ്ങി. സന്ധ്യയുടെ മാനസിക ആരോഗ്യത്തെപ്പറ്റി മനസിലാക്കാന്‍ ഇവരെ ചികിത്സിച്ച മനോരോഗ വിദഗ്ധന്റെ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം.
പുലർച്ചെ മൂന്നോടെയാണ് മൂഴിക്കുളം പാലത്തിൻ്റെ മൂന്നാമത്തെ തൂണിന് സമീപം കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്തു. വൈകിട്ട് നാലോടെ തിരുവാണിയൂരിൽ ആണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ.
ഇന്നലെ അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി സന്ധ്യ ഇറങ്ങുകയായിരുന്നു. മൂന്നുമണിയോടെ സന്ധ്യ കുഞ്ഞുമായി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെട്ടു. ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ സന്ധ്യ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു.