
പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്നും എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും മാഫിയ സംഘത്തലവന്മാരാണ് എന്നും കെ.എം. ഷാജി പറഞ്ഞു.
മുഖ്യമന്ത്രിക്ക് കീഴില്‍ 29 വകുപ്പുകളുണ്ട്. ഈ 29 വകുപ്പുകളിലും കൈ കടത്തുന്ന ആളായി പി. ശശി മാറിയെന്നും പി.വി. അന്‍വര്‍ സൂക്ഷിക്കണം കളിക്കുന്നത് മുഖ്യമന്ത്രിയോടും ശശിയോടുമാണെന്നും കെ.എം. ഷാജി പറഞ്ഞു.
പി. ശശിക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കെ.എം. ഷാജി പറഞ്ഞു. പി.വി. അന്‍വര്‍ സൂക്ഷിക്കണമെന്നും കളിക്കുന്നത് മുഖ്യമന്ത്രിയോടും പി. ശശിയോടുമാണെന്നും കെ.എം. ഷാജി പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങളില്‍ പാര്‍ട്ടി സെക്രട്ടറി മൗനം പാലിക്കുകയാണെന്നും ഷാജി കുറ്റപ്പെടുത്തി.
പൊലീസ് സംഘം ക്രിമിനലുകളായി മാറുകയാണ്. അന്‍വര്‍ വിഡ്ഢിയല്ല. കെ.ടി. ജലീല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുയാണെന്ന് പറയുന്നത് താത്കാലിക സിംപതിക്ക് വേണ്ടിയാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ നശിപ്പിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസിന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേള്‍ക്കേണ്ടി വരുന്നതുമായാണ് പി.വി അന്‍വര്‍ എംഎഎയുടെ വെളിപ്പെടുത്തല്‍. പൊലീസ് രംഗത്ത് ലോബിയാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ കൈയ്യിലുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.
തന്റെ ജീവന്‍ അപകടത്തിലാണ്, എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി മരിക്കാനും താന്‍ തയ്യാറാണെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കിരുന്നു. മുഖ്യമന്ത്രിയെ കാണുന്നത് പിതാവിനെ പോലെയാണ്. അദ്ദേഹത്തിനെതിരെ ആരോപണം ഉയരുന്നത് ഒരു മകനെന്ന നിലയില്‍ കേട്ട് നില്‍ക്കാന്‍ സാധിക്കില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.
എഡിജിപി അജിത് കുമാര്‍ കൊലപാതകങ്ങള്‍ ചെയ്യിപ്പിച്ചതായും എഡിജിപിക്കും എസ്പി സുജിത് ദാസിനും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഡാന്‍സാഫ് സംഘം പക്കാ ക്രിമിനലുകളാണ്. പൊലീസില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.