'പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട'; സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തില്‍ മറുപടിയുമായി മുസ്ലീം ലീഗ് മുഖപത്രം

സാദിഖലി തങ്ങൾക്ക് എതിരെ അതിരൂക്ഷ പരാമർശമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്
'പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട'; സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തില്‍ മറുപടിയുമായി മുസ്ലീം ലീഗ് മുഖപത്രം
Published on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിൽ മറുപടിയുമായി മുസ്ലീം ലീഗ് മുഖപത്രം. 'പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട' എന്നായിരുന്നു ചന്ദ്രികയിലെ പ്രതികരണം.

കേരളത്തെ സാമുദായിക സൗഹാർദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഈറ്റില്ലമാക്കുന്നതിൽ പങ്കു വഹിച്ച തറവാടാണ് പാണക്കാട്. കേരളം തകർന്നു കാണണമെന്നുള്ള സംഘപരിവാർ താല്പര്യങ്ങൾക്ക് പിന്തുണയേകുന്ന പ്രസ്താവനയാണ് പിണറായി വിജയൻ നടത്തിയിരിക്കുന്നതെന്നും ചന്ദ്രിക  വിമർശിച്ചു. സന്ദീപ് വാര്യർ പാണക്കാട് എത്തുകയും ആശീർവാദങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രിക്ക് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം സംഘപരിവാർ ബാന്ധവത്തിൻ്റെ അനുരണനമാണെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.  തൃശൂർ പൂരം കലങ്ങിയതിൽ ആർഎസ്എസ് ബന്ധത്തിന്‍റെ പേരിൽ സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥരോട് പിണറായിക്ക് അനുകമ്പയെന്നും മുസ്ലീം ലീഗ് മുഖപത്രം വിമർശിക്കുന്നു.

കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും, വിവിധ വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും സംഘ്പരിവാര്‍ ശക്തികളുടെ നേത്യത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത് - ചന്ദ്രിക ലേഖനം പറയുന്നു.



പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അതിരൂക്ഷ പരാമർശമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ബഹുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാദിഖലി തങ്ങളെ പോലെയല്ല. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു പാലക്കാട് പിണറായി പറഞ്ഞത്.

സന്ദീപ് വാര്യർ പാണക്കാട് എത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മാനവ സംസ്കാരം മലപ്പുറത്തിന് ലഭിക്കാൻ കാരണം പാണക്കാട് കുടുംബമാണെന്നായിരുന്നു സാദിഖലി തങ്ങളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് പറഞ്ഞത്. പി.കെ. കുഞ്ഞാലികുട്ടി , എൻ.ഷംസുദ്ദീൻ, ഹാരീസ് ബീരാൻ തുടങ്ങിയ നേതാക്കളും ചർച്ചയില്‍ പങ്കെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com