fbwpx
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം; സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ എം. വി. ഗോവിന്ദന് രൂക്ഷ വിമർശനം
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Mar, 2025 06:42 AM

ആശാവർക്കർമാരുടെ സമരത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വീഴ്ച പറ്റിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി

KERALA


കൊല്ലത്ത് വച്ചു നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് രൂക്ഷ വിമർശനം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കേണ്ടത് സംസ്ഥാന സെക്രട്ടറി ആണെന്നായിരുന്നു പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചത്. പൊതു ചർച്ചയിലായിരുന്നു സംസ്ഥാന സെക്രട്ടറിക്ക് എതിരെ ഇത്തരമൊരു വിമർശനം ഉയർത്തിയത്. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ പലപ്പോഴും വ്യക്തതയില്ലെന്നും, രാവിലെ ഒന്നും വൈകിട്ട് മറ്റൊന്നും പറയുന്നുണ്ടെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിലപാടുകളിലെ വ്യക്തതക്കുറവിൽ അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.


പൊതു ചര്‍ച്ചയില്‍ സിപിഐക്ക് വിമര്‍ശനമുയർന്നിരുന്നു. ഊണ് കഴിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് ഇവർക്ക് ഉള്ളതെന്നും, സിപിഐ മന്ത്രിമാര്‍ വകുപ്പുകള്‍ സ്വന്തം സാമ്രാജ്യം പോലെ കൊണ്ടു നടക്കുന്നുവെന്നുമാണ് സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനം.
ചര്‍ച്ചയില്‍ നേതൃത്വത്തിനും മന്ത്രിമാര്‍ക്കും വിമര്‍ശനമുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍. അടിസ്ഥാന വിഭാഗത്തെ കാണാതെ വമ്പന്‍ വ്യവസായങ്ങള്‍ക്ക് പുറകെ പോകരുതെന്നും അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിന് പൊതുവേ പ്രശംസയാണ് ഉയര്‍ന്നതെന്നും സൂചനയുണ്ട്.



ALSO READ
CPIM സംസ്ഥാന സമ്മേളനം| അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; പൊതു ചര്‍ച്ചയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും



സ്ഥാനങ്ങള്‍ കണ്ണൂരിനായി വീതം വയ്ക്കുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. മൂല്യങ്ങളും മെറിറ്റും നോക്കിവേണം സ്ഥാനങ്ങള്‍ നല്‍കേണ്ടത് എന്നു പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല നടക്കുന്നതെന്നാണ് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി പി. ബി. ഹര്‍ഷകുമാര്‍ വിമര്‍ശിച്ചത്. ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനാണ് പ്രതിനിധികള്‍ പ്രധാനമായും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.



രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു. മുഖ്യമന്ത്രിക്കൊഴികെ ആര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. വിമര്‍ശനങ്ങളെ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നുവെന്നും മന്ത്രിമാര്‍ക്ക് അതിന് കഴിയുന്നില്ലെന്നും കൊല്ലത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞു. തൊഴിലാളികളെ മറക്കരുതെന്ന് ഓര്‍മിപ്പിച്ച പി. പി. ചിത്തരഞ്ജന്‍ കയര്‍ തൊഴിലാളികളെ രണ്ടാം പിണറായി സര്‍ക്കാര്‍ തഴഞ്ഞെന്ന വിമര്‍ശനവും ഉന്നയിച്ചു. വമ്പന്‍ പദ്ധതി മാത്രം പോരാ,അടിസ്ഥാന തൊഴിലാളി വര്‍ഗത്തെ സംരക്ഷിക്കണമെന്നും ചിത്തരഞ്ജന്‍ ആവശ്യപ്പെട്ടു.


ALSO READ"ബംഗാൾ ആവർത്തിക്കരുത്, പാർട്ടിയാണ് അധികാരകേന്ദ്രമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്"; CPIM പ്രവർത്തന റിപ്പോർട്ട്



സ്ത്രീപക്ഷ നിലപാടില്‍ പാര്‍ട്ടിക്ക് ആത്മാര്‍ത്ഥതയില്ലെന്ന ഗൗരവതരമായ കുറ്റപ്പെടുത്തലും ചര്‍ച്ചയില്‍ ഉയര്‍ന്നു. സ്ത്രീപക്ഷ നിലപാടില്‍ ആത്മാര്‍ത്ഥത കുറവുണ്ടെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീയാണ് വിമര്‍ശനമായി ഉന്നയിച്ചത്. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് നടത്തിയ പ്രതികരണങ്ങളിൽ ജാഗ്രത വേണമായിരുന്നെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നവീൻ ബാബുവിൻ്റെ പി. പി. ദിവ്യയെ മാധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തുവെന്നും, ദിവ്യക്ക് സംരക്ഷണം നൽകണമായിരുന്നു എന്നും കൊല്ലത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞു.




പിഎസ്‌സി അംഗങ്ങള്‍ക്ക് സ്വര്‍ണ്ണക്കരണ്ടിയില്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നില്ല. സമരം തെളിഞ്ഞ വെള്ളത്തില്‍ നഞ്ച് കലക്കിയത് പോലെ സര്‍ക്കാരിനെ ബാധിക്കുന്നുണ്ടെന്ന് ഓര്‍ക്കണം എന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആശാവർക്കർമാരുടെ സമരത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വീഴ്ച പറ്റിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും, സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ചർച്ചയിൽ പ്രതിനിധികൾ വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് നാളെ സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മറുപടി പറയും.


NATIONAL
രാജസ്ഥാനില്‍ പാക് റേഞ്ചര്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്
Also Read
user
Share This

Popular

NATIONAL
KERALA
രാജസ്ഥാനില്‍ പാക് റേഞ്ചര്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്