എംഎൽഎ ഇല്ലെങ്കിൽ എന്താണ് കുഴപ്പം?; മുകേഷിനെ നിങ്ങൾ അന്വേഷിച്ചാൽ മതി: എം. വി. ഗോവിന്ദൻ മാധ്യമങ്ങളോട്

സിനിമാ ചിത്രീകരണത്തിലാണെന്ന് മുകേഷിൻ്റെ വിശദീകരണം
എംഎൽഎ ഇല്ലെങ്കിൽ എന്താണ് കുഴപ്പം?; മുകേഷിനെ നിങ്ങൾ അന്വേഷിച്ചാൽ മതി: എം. വി. ഗോവിന്ദൻ മാധ്യമങ്ങളോട്
Published on

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുകേഷ് എംഎൽഎയുടെ അസാന്നിധ്യത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എംഎൽഎ ഇല്ലെങ്കിൽ എന്താണ് കുഴപ്പമെന്നും, മുകേഷിനെ നിങ്ങൾ അന്വേഷിച്ചാൽ മതിയെന്നും, അത് അന്വേഷിക്കലല്ല തൻ്റെ പണിയെന്നും എം. വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താൻ സിനിമാ ചിത്രീകരണത്തിലാണെന്ന് മുകേഷിൻ്റെ വിശദീകരണം.

ഇവിടെ ചര്‍ച്ച നടക്കുമ്പോള്‍ നിങ്ങളുടെ ആള് എവിടെപ്പോയി, രണ്ടാമത്തെ ആളെവിടെപ്പോയി, നാലാമത്തെ കുഞ്ഞിരാമന്‍ എവിടെയാ പോയേ നാരായണന്‍ എവിടെയാ പോയേ എന്ന് ചോദിച്ചാല്‍, അതിനൊന്നും താൻ മറുപടി പറയില്ലെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു. സംഘാടനത്തിൽ എംഎൽഎയുടെ പേരുണ്ടായിരുന്നെങ്കിലും മുകേഷ് സമ്മേളനത്തിനെത്തിയില്ല. പീഡനക്കേസ് അടക്കം നിരവധി വിവാദങ്ങൾ നേരിടുന്നതിനിടെയാണ് മുകേഷിൻ്റെ അസാന്നിധ്യം ചർച്ചയാകുന്നത്. ലൈംഗികാരോപണ കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് വിലക്കെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്ന് രാവിലെയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. കോടിയേരി ബാലകൃഷ്ണൻ നഗറിൽ എകെ ബാലനാണ് പസമ്മേളന നഗരിയിൽ പതാക ഉയർത്തിയത്. 2444 ലോക്കൽ സമ്മേളനങ്ങളും, 210 ഏരിയാ സമ്മേളനങ്ങളും, 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലത്ത് സിപിഐഎം കേരള ഘടകത്തിൻ്റെ സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്.മൂന്ന് നാൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ വിശകലന സ്വയംവിമർശന ചർച്ചകൾക്കും പ്രവർത്തന നയരൂപീകരണത്തിനും സമ്മേളനം വേദിയാകും.

മുതിർന്ന നേതാക്കൾ ഉൾപ്പടെ 486 സമ്മേളന പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരും അടക്കം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമ്മേളനം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്.ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ നവ ഫാഷിസത്തിൻ്റെ രൂപമായാണ് പാർട്ടി കാണുന്നതെന്നും, പ്രതിരോധിച്ചില്ലെങ്കിൽ അത് പൂർണമായും ഫാഷിസമായി മാറുമെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്സിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കാരാട്ട് പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com