എഐക്ക് ബദല്‍ സംവിധാനം വേണം, അത് സോഷ്യലിസത്തിന്റെ പാതയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: എം.വി. ഗോവിന്ദന്‍

സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ബദൽ സംവിധാനത്തിനുള്ള ഗവേഷണം നടത്തണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു
എഐക്ക് ബദല്‍ സംവിധാനം വേണം, അത് സോഷ്യലിസത്തിന്റെ പാതയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: എം.വി. ഗോവിന്ദന്‍
Published on

എഐക്ക് ബദല്‍ സംവിധാനം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അതിനുള്ള ഗവേഷണം നടത്തണം. ചൈന അവരുടെ രീതിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തുടങ്ങിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എഐ സോഷ്യലിസത്തിന്റ പാതയെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും നിലവിലെ എഐ സംവിധാനം 60 ശതമാനത്തിലേറെ തൊഴില്‍ നഷ്ടം ആകാന്‍ കാരണം ആകുമെന്നും എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചു. നേരത്തെയും എഐക്കെതിരെ എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.

എഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന തരത്തില്‍ എം.വി. ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'എഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ മാര്‍ക്‌സിസത്തിന് എന്തു പ്രസക്തിയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60% കുറയും.അപ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുക,' എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

എ.ഐയിലൂടെ സോഷ്യലിസം നാളെത്തന്നെ വരുമെന്ന് കരുതി ആരും നോക്കിയിരിക്കേണ്ടെന്നും അതിന് സമയമെടുക്കുമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 'ഇതിപ്പോള്‍ നാളെത്തന്നെ വരുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇനിയിപ്പോ ഗോവിന്ദന്‍ മാഷ് അങ്ങനെ പറഞ്ഞിട്ട് ഞാന്‍ നോക്കിനോക്കി ഇരിക്കുകയായിരുന്നു സോഷ്യലിസം വരുമല്ലോ വരുമല്ലോ എന്നു വിചാരിട്ട്, വന്നുകാണുന്നില്ലല്ലോ എന്ന് നാളെ പറയണ്ട. ഇത് ചിലപ്പോ നൂറോ നൂറ്റമ്പതോ ഇരുന്നൂറോ കൊല്ലമെടുക്കും. സാമൂഹികപരിവര്‍ത്തനം എന്നു പറയുന്നത് ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്ന് വിചാരിക്കേണ്ട', എന്നായിരുന്നു പ്രസ്താവനയ്ക്ക് എം.വി. ഗോവിന്ദന്റെ വിശദീകരണം.

എന്നാല്‍ ആദ്യ പരാമര്‍ശം ഏറെ ചര്‍ച്ചയായതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിലപാട് തിരുത്തി എം.വി. ഗോവിന്ദന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എഐ സംവിധാനം വഴി ഉല്‍പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളില്‍ കുന്നുകൂടുമെന്നും ചൂഷണത്തിന് വഴിവെക്കുമെന്നുമാണ് എം.വി. ഗോവിന്ദന്‍ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. എഐ തൊഴില്‍ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയായിരുന്നു നിലപാടുമാറ്റം എന്ന തരത്തിലുള്ള പ്രസ്താവന.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com