രണ്ടാമൂഴം; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും

24ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഗോവിന്ദന് രണ്ടാമൂഴം പ്രഖ്യാപിക്കുകയായിരുന്നു
രണ്ടാമൂഴം; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും
Published on

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ​ഗോവിന്ദനെ തെരഞ്ഞെടുത്തു. 24ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറയായി തെരഞ്ഞെടുക്കുകയായിരുന്നു. 

ലുധിയാനയിലെ ഷഹീദ് കർത്താർ സിങ് സരാബയിൽ ഡിവൈഎഫ്ഐ എന്ന സംഘടന 1980ൽ പിറവിയെടുക്കുമ്പോൾ പിന്നണിയിൽ അഭിമാനത്തോടെ നിന്ന അഞ്ചു പേരിൽ ഒരാളായിരുന്നു എം.വി. ഗോവിന്ദൻ. കെഎസ്‌വൈഎഫിന്‍റെ നേതൃസ്ഥാനത്ത് നിന്ന് ഡിവൈഎഫ്ഐ രൂപീകരിക്കാൻ പാർട്ടി തെരഞ്ഞെടുത്ത അഞ്ചു പേരിൽ ഒരാൾ. എം.വി. ഗോവിന്ദന്‍റെ പേനയിൽ നിന്നു കൂടി രൂപപ്പെട്ട ആ സംഘടനയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്‍റായി നിയമിതനായത് ഇ.പി. ജയരാജൻ.

ഇങ്ങനെ എന്നും പാർട്ടിയുടെ പിന്നണിയിലായിരുന്നു എം.വി. ഗോവിന്ദൻ. അടിത്തറ പണിയുന്നതിലായിരുന്നു നിതാന്തശ്രദ്ധ. ഒപ്പം വന്നവരും പിന്നാലെ വന്നവരും മുന്നോട്ടു കടന്നു പോയപ്പോഴും പാർട്ടിയുടെ കൂടെ എന്നും നിന്നയാൾ, കണ്ണൂർ ജില്ലാ സെക്രട്ടറിയായി മാത്രമല്ല എം.വി. ഗോവിന്ദൻ ശ്രദ്ധിക്കപ്പെട്ടത്. എറണാകുളത്ത് സിപിഐഎം ഏറ്റവും പ്രതിസന്ധി നേരിട്ടപ്പോൾ നേർവഴിക്കാക്കിയത് കണ്ണൂരിൽ നിന്നു വന്നു സെക്രട്ടറിയായ എം.വി. ഗോവിന്ദനാണ്.

1940ൽ പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട ശേഷം ആദ്യമായി കലാപം നടന്ന ഇടമാണ് മൊറാഴ. കയ്യൂരിനും കരിവള്ളൂരിനും പുന്നപ്ര - വയലാറിനും വഴിമരുന്നിട്ട ഇടം. ആ വിപ്ലവമണ്ണിൽ 1953ൽ ജനിച്ച എം.വി. ഗോവിന്ദന് മറ്റൊരു രാഷ്ട്രീയവും വഴങ്ങുമായിരുന്നില്ല. കെ. കുഞ്ഞമ്പുവിന്‍റേയും എം.വി. മാധവിയമ്മയുടേയും മകന് മാർക്സിസ്റ്റ് ആവുക എന്നത് സ്വാഭാവികപ്രക്രിയയായിരുന്നു. 1970ൽ പതിനേഴാം വയസിലായിരുന്നു പാർട്ടി അംഗത്വം. അതേ വർഷം ജനിച്ച കോടിയേരി ബാലകൃഷ്ണനും പാർട്ടി അംഗമായത് അതേ വർഷം തന്നെ. ഡിവൈഎഫ്ഐയിലും പാർട്ടിയിലും സംഘടനാ തലത്തിൽ കോടിയേരിയുടെ ഒപ്പവും പിന്നാലെയും ഉണ്ടായിരുന്നു എം.വി. ഗോവിന്ദൻ എന്നും. ആ തുടർച്ചയാണ് കഴിഞ്ഞ സമ്മേളനത്തിന് പിന്നാലെ സംഭവിച്ചത്.

അഴക്കോടൻ രാഘവന്‍റെ തലയെടുപ്പ്, വി.എസ്. അച്യുതാനന്ദന്‍റെ സംഘടനാ പാടവം, ഇ.കെ. നായനാരുടെ ജനകീയത, പിണറായി വിജയന്‍റെ കൃത്യനിഷ്ഠയും കാർക്കശ്യവും, കോടിയേരി ബാലകൃഷ്ണന്‍റെ നയചാതുര്യം. മുൻ സെക്രട്ടറിമാരുടെ ഈ വഴികളിലൊന്നുമായിരുന്നില്ല സെക്രട്ടറിയാകുന്നതുവരെയുള്ള എം.വി. ഗോവിന്ദന്‍റെ സംഘടനാ പ്രവർത്തനം. മുൻ നിരയിലേക്കു വരാതിരുന്ന ആ പതിവു വിട്ട് ഏതു കാര്യത്തിനും പ്രതികരിക്കുന്ന ഒരു പാർട്ടി സെക്രട്ടറിയെയാണ് കഴിഞ്ഞ രണ്ടര.വർഷം കണ്ടത്. ആർക്കും ഏതു നിമിഷവും സമീപിക്കാവുന്ന നേതാവിനെയാണ് അണികൾ അടുത്തറിഞ്ഞത്. എം.വി. ഗോവിന്ദൻ ഒരു താൽക്കാലികക്കാരനല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു കൊല്ലം.

ഭരണത്തുടർച്ച, പാർട്ടിയുടെ കെട്ടുറപ്പ്, അതിശക്തമായ പ്രതിപക്ഷ ആക്രമണം. ഈ മൂന്നു വെല്ലുവിളികളും ഏറ്റെടുക്കാൻ പാർട്ടി സധൈര്യം ചുമതലപ്പെടുത്തിയിരിക്കുകയാണ് എം.വി. ഗോവിന്ദനെ. ഒപ്പം അടുത്ത തലമുറ നേതാക്കളെ പരിശീലിപ്പിച്ച് വളർത്തിക്കൊണ്ടുവരേണ്ട ചുമതലയുമുണ്ട് ഇരിങ്ങോൾ യുപി സ്കൂളിലെ ഈ പഴയ കായികാധ്യാപകന്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com