2015 ലും 2020 ലും രാജ്യ തലസ്ഥാനത്ത് അപമാനകരമായ തോൽവിയാണ് ബിജെപി നേരിട്ടത്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്ര വിജയത്തിൽ വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ ഭരണമികവിന്റെ വിജയം എന്ന തരത്തിലാണ് പ്രധാനമന്ത്രി ഡൽഹി വിജയത്തെ നോക്കിക്കണ്ടത്. വികസനത്തിന്റെയും നല്ല ഭരണത്തിന്റെയും വിജയമെന്ന് മോദി എക്സിൽ കുറിച്ചു.
'ബിജെപിക്ക് ചരിത്രപരമായ വിജയം നൽകിയതിന് എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങളോടെല്ലാവരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഡൽഹിയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും അവിടുത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും ഞങ്ങൾ ഉറപ്പ് നൽകുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ വമ്പിച്ച ജനവിധിക്കായി രാവും പകലും പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകരെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഇനി ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിനായി ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കും,' പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Also Read: കെജ്‌രിവാളിന് അഗ്നിശുദ്ധിക്ക് അവസരം നൽകാതെ ജനങ്ങള്‍; എന്തായിരുന്നു ബിജെപിയുടെ ഡൽഹി പ്ലാന്‍?
ബിജെപിയുടെ വിജയത്തിൽ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷായും പ്രതികരിച്ചു. ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രിയെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ശീഷ് മഹൽ വോട്ടർമാർ തകർത്തെന്നും അമിത് ഷാ എക്സിൽ കുറിച്ചു. കെജ്‌രിവാൾ അധികാരത്തിലിരുന്നപ്പോൾ പുതുക്കിപ്പണിത മുഖ്യമന്ത്രിയുടെ വസതിയെ പരാമർശിക്കാൻ ബിജെപി പരിഹാസപൂർവം ഉപയോഗിക്കുന്ന പദമാണ് ശീഷ് മഹൽ.
Also Read: DELHI ELECTION RESULTS | തകർന്നടിഞ്ഞ് ആം ആദ്മി; കാൽ നൂറ്റാണ്ടിനിപ്പുറം ഡൽഹിയിൽ താമര വിരിഞ്ഞു
ഭരണകക്ഷിയായ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ബിജെപി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ ബിജെപി വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. 48 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. ആം ആദ്മി പാർട്ടി 22 സീറ്റുകളിലും. ത്രികോണ മത്സരം പ്രവചിച്ചിരുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.
2015 ലും 2020 ലും രാജ്യ തലസ്ഥാനത്ത് അപമാനകരമായ തോൽവിയാണ് ബിജെപി നേരിട്ടത്. ഡൽഹിയിലെ 70 സീറ്റുകളിൽ യഥാക്രമം മൂന്ന് സീറ്റുകളും എട്ട് സീറ്റുകളും മാത്രമേ അവർക്ക് നേടാനായുള്ളൂ. അതേസമയം എഎപി 2015ൽ 67 ഉം 2020ൽ 62 ഉം സീറ്റുകളും നേടിയാണ് അധികാരത്തിലേക്ക് എത്തിയത്. എന്നാൽ 2025 നിയമസഭ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിങ്ങനെ പ്രമുഖ നേതാക്കളെല്ലാം ബിജെപി തരംഗത്തിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി അതിഷി മർലേന അപ്പോഴും കൽക്കാജി മണ്ഡലത്തില്‍ വിജയം കണ്ടെത്തി.