ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം വളർത്തിയെടുക്കുന്നതിന് ബൈഡൻ്റെ സമർപ്പണത്തിന് നന്ദി: നരേന്ദ്ര മോദി

ഷെയ്ഖ് ഹസീനയുടെ രാജിയെതുടർന്നുള്ള ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ച ചെയ്തു
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം വളർത്തിയെടുക്കുന്നതിന് ബൈഡൻ്റെ  സമർപ്പണത്തിന്  നന്ദി:  നരേന്ദ്ര മോദി
Published on

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ടെലിഫോണിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. യുക്രൈനിലെയും ബംഗ്ലാദേശിലേയും സ്ഥിതിഗതികൾ നേതാക്കൾ വിലയിരുത്തി. സമാധാനത്തിനായി ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രൈയ്ൻ സന്ദർശനത്തിന് പിന്നാലെയാണ് ജോ ബൈഡനുമായി യുദ്ധം അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയത്.

സംഭാഷണത്തിനിടയിൽ യുക്രൈയ്ൻ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ ബൈഡനുമായി മോദി പങ്കുവെച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്നുള്ള ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ചും നേതാക്കൾ സംസാരിച്ചു. ചർച്ചയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുള്ള ബൈഡൻ്റെ സമർപ്പണത്തിന് മോദി നന്ദി അറിയിച്ചു.

ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും എല്ലാ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാർ ഇതിനകം പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയും ജോ ബൈഡനും ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന പുരോഗതി അവലോകനം ചെയ്യുകയും ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കൂടാതെ മുഴുവൻ മനുഷ്യരാശിക്കും പ്രയോജനം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com