ഏഴാം മിനിറ്റിൽ മക്ടോമിനെ നേടിയ ഗോളിൻ്റെ കരുത്തിൽ സ്കോട്ട്‌ലൻഡ് ആദ്യ പകുതിയിൽ ലീഡ് നേടിയിരുന്നു. ഗ്രൂപ്പ് എയിൽ രണ്ട് ജയത്തോടെ പോർച്ചുഗൽ മുന്നിലാണ്
വൺസ് എ 'ക്ലച്ച്', ഓൾവേയ്സ് ഹി ഈസ്... ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന മിനിറ്റിലെ തകർപ്പൻ ഗോളിൻ്റെ കരുത്തിൽ സ്കോട്ട്‌ലൻഡിനെ 2-1ന് വീഴ്ത്തി പോർച്ചുഗൽ മുന്നോട്ട്. ഏഴാം മിനിറ്റിൽ മക്ടോമിനെ നേടിയ ഗോളിൻ്റെ കരുത്തിൽ സ്കോട്ട്‌ലൻഡ് ആദ്യ പകുതിയിൽ ലീഡ് നേടിയിരുന്നു. ഗ്രൂപ്പ് എയിൽ രണ്ട് ജയത്തോടെ പോർച്ചുഗൽ മുന്നിലാണ്.
രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കോച്ച് റോബർട്ടോ മാർട്ടിനസ് കളത്തിലിറക്കിയത്. ഇതിന് പിന്നാലെ പോർച്ചുഗലിൻ്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ഞായറാഴ്ച മുപ്പതാം പിറന്നാൾ ആഘോഷിച്ച ബ്രൂണോ ഫെർണാണ്ടസിലൂടെയാണ് 54ാം മിനിറ്റിൽ പോർച്ചുഗൽ സമനില പിടിച്ചത്.
സമനില വീണതോടെ മത്സരം കൂടുതൽ ആവേശകരമാകുന്ന കാഴ്ചയാണ് കാണാനായത്. ഒടുവിൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ലേറ്റ് ഗോളുമായി ക്രിസ്റ്റ്യാനോ കളിയിലെ സ്റ്റാറായി. നുനോ മെൻഡിസിൻ്റെ സിക്സ് യാർഡ് ബോക്സിലേക്കുള്ള ക്രോസ് പതിവുപോലെ എതിർ ഗോൾവലയിലേക്ക് തിരിച്ചുവിട്ടാണ് ക്രിസ്റ്റ്യാനോ ടീമിനെ ജയത്തിലേക്ക് നയിച്ചത്.
READ MORE: പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് അനുഗ്രഹമായ, ഇറാന് തിരിച്ചടിയായ 'പതാക വിവാദം' എന്താണ്?
ഒരു കാലത്ത് അവസാന മിനിറ്റുകളിലെ ഗോളടിയിലൂടെ ടീമിനെ ജയിപ്പിക്കുന്നത് പതിവാക്കിയതോടെയാണ് 'ക്ലച്ച്' എന്ന വിളിപ്പേര് കൂടി റൊണാൾഡോയ്ക്ക് ലഭിച്ചിരുന്നത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയുടെ ലേറ്റ് ഗോളിൽ പോർച്ചുഗൽ ജയിച്ചുകയറുന്നത്. ക്രിസ്റ്റ്യാനോയുടെ കരിയറിലെ 132ാമത് ഇൻ്റർനാഷണൽ ഗോളും, 901ാമത്തെ കരിയർ ഗോളുമായിരുന്നു ഇത്.
യുവേഫ നേഷൻസ് ലീഗിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളാണ് റൊണാൾഡോ നേടിയത്. അന്താരാഷ്ട്ര ലീഗിൽ ശേഷിക്കുന്ന നാല് കളികളിൽ രണ്ടെണ്ണം ഇനി ഒക്ടോബർ 13, 16 ദിവസങ്ങളിലാണ് നടക്കുക. പോളണ്ടും സ്കോട്ട്ലൻഡുമാണ് എതിരാളികൾ. നവംബർ 16, 19 ദിവസങ്ങളിൽ പോളണ്ട്, ക്രൊയേഷ്യ ടീമുകളുമായും മത്സരങ്ങൾ ശേഷിക്കുന്നുണ്ട്.
ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ സ്പെയിൽ 4-1ന് സ്വിറ്റ്സർലൻഡിനെ തകർത്തുവിട്ടു. യൊസേലു (4), ഫാബിയാൻ റൂയിസ് (13, 77), ഫെറാൻ ടോറസ് (80) എന്നിവരാണ് സ്പാനിഷ് ടീമിനായി വല കുലുക്കിയത്. സ്വിസ് ടീമിനായി സെകി അംദൗനി (41) ആശ്വാസ ഗോൾ നേടി.
READ MORE: ഇന്ത്യൻ ക്രിക്കറ്റിൻ്റെ 'ജെൻ്റിൽമാൻ'; സഞ്ജുവിൻ്റെ കോച്ചായെത്തുന്ന രാഹുൽ ദ്രാവിഡിൻ്റെ ആസ്തി എത്രയാണ്?