വരച്ചുതീർത്ത ചിത്രത്തിന്റെ മികവ് തികയാതെ പോകുമോ എന്നായിരുന്നു കുഞ്ഞു നവദേവിന്റെ ആശങ്ക
വടക്കേ മലബാറിൻ്റെ കൺകണ്ട ദൈവമാണ് മുത്തപ്പൻ. അതേ മുത്തപ്പൻ ഒരു കുട്ടിക്കുമുന്നിൽ കണ്ണീരണിഞ്ഞ് നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ നിറയെ. കുഞ്ഞ് ചിത്രകാരൻ നവദേവും, നവദേവിന് ചായപ്പെൻസിൽ വാങ്ങാൻ പണം കൊടുക്കുന്ന മുത്തപ്പന്‍ വെള്ളാട്ടും തമ്മിലുള്ള വീഡിയോ ആണ് വൈറൽ ആവുന്നത്.
വരച്ചുതീർത്ത ചിത്രത്തിന്റെ മികവ് തികയാതെ പോകുമോ എന്നായിരുന്നു കുഞ്ഞു നവദേവിന്റെ ആശങ്ക. അതുകൊണ്ടാവണം ആരും കാണാതെ അവനത് പോക്കറ്റിനുള്ളിൽ ഒളിച്ചുവെച്ചു. പക്ഷേ എല്ലാം കാണുന്ന മുത്തപ്പനത് കണ്ടു. വരച്ചു കുഞ്ഞുഹൃദയത്തോട് ചേർത്തുവെച്ച ആ ചിത്രം മുത്തപ്പൻ പുറത്തെടുത്തു.
രണ്ട് ദിവസം മുന്നേ കണ്ണൂർ പുത്തൂർ നാറോത്ത് മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ കെട്ടിയാടിയ മുത്തപ്പൻ വെള്ളാട്ടത്തിനിടെയായിരുന്നു മനസ്സുനിറയ്ക്കുന്ന ഈ നിമിഷങ്ങൾ. അടുത്ത വീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടമുണ്ടെന്ന് അറിഞ്ഞപ്പോഴാണ് നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോണ്‍ കൊണ്ട് വരച്ചത്. ശേഷം അമ്മൂമ്മ ഓമനയോടൊപ്പം മുത്തപ്പനെ കാണാനെത്തി. വെള്ളച്ചാലിലെ സനീഷ് പെരുവണ്ണാൻ ആയിരുന്നു കോലധാരി.
ഇത്രയും മൂല്യമുള്ളതിന് പകരം തരാൻ എന്റെ കയ്യിലൊന്നുമില്ലല്ലോ എന്ന് നിസ്സഹായനായി മുത്തപ്പൻ. അച്ഛനെ, അധ്യാപകനെ, രക്ഷിതാവിനെ പോലെ മുത്തപ്പൻ അവനെ ചേർത്തുനിർത്തി. കുഞ്ഞു നവദേവിൻ്റെ കണ്ണുനിറഞ്ഞു, കരഞ്ഞു. അതു കണ്ട് കണ്ടുനിന്നവരും കരഞ്ഞു. മുത്തപ്പനും ഒന്നിടറി. ഒടുവിൽ വരയ്ക്കാൻ നിറമുണ്ടോ നിന്റെ കയ്യിലെന്നായി ചോദ്യം. ശേഷം ദക്ഷിണയായി കിട്ടിയ പണം മുത്തപ്പൻ കുഞ്ഞു ചിത്രകാരൻ്റെ കീശയിൽ വെച്ചുകൊടുത്തു.
ദൈവത്തിന്റെ പേരിൽ കലാപങ്ങൾ തുടരുന്ന നമ്മുടെ കാലത്ത്, കരുണയുടെ കടലാകുന്ന, അൻപിൻ്റെ പ്രകാശഗോപുരമായ, ഒരുകാലത്തും നിന്നെ കരയാൻ വിടില്ലെന്ന് അനുഗ്രഹിക്കുന്ന, മണ്ണിൽ ചവിട്ടി നിന്ന് മനുഷ്യരുടെ ഭാഷയിൽ മിണ്ടുന്ന മലയാളക്കരയുടെ ദൈവം. മുത്തപ്പനേയും നവദേവിനേയും മതഭേദങ്ങൾക്കപ്പുറം ആയിരക്കണക്കിന് മലയാളികൾ പങ്കിട്ടുകൊണ്ടിരിക്കെ നമുക്ക് സന്തോഷിക്കാം... നമ്മളെത്തന്നെയോർത്ത്...