വിവാഹം കഴിഞ്ഞത് 7 ദിവസം മുൻപ്! മൃതദേഹത്തിനരികിൽ നെഞ്ച്പൊട്ടിയിരിക്കുന്ന ഭാര്യ; നോവായി നേവി ഉദ്യോഗസ്ഥൻ്റെ ചിത്രം

ഭാര്യയോടൊപ്പം ഹണിമൂൺ ആഘോഷിക്കാൻ ജമ്മു കശ്മീരിലെ പഹൽഗാമിലെത്തിയതായിരുന്നു 26കാരനായ വിനയ് നർവാൾ
വിവാഹം കഴിഞ്ഞത് 7 ദിവസം മുൻപ്! മൃതദേഹത്തിനരികിൽ നെഞ്ച്പൊട്ടിയിരിക്കുന്ന ഭാര്യ; നോവായി നേവി ഉദ്യോഗസ്ഥൻ്റെ ചിത്രം
Published on

ജമ്മു കശ്മീർ പഹൽഗാം താഴ്‌‌വരയിൽ ഭീകരർ രക്തം ചീന്തിയപ്പോൾ, നഷ്ടപ്പെട്ടത് നിരവധി ജീവനുകളാണ്. ഭീകരാക്രമണം അവശേഷിപ്പിച്ചത് അതിദാരുണമായ കാഴ്ചകളും. വെടിയേറ്റ് കൊല്ലപ്പെട്ട ഭർത്താവിൻ്റെ സമീപമിരിക്കുന്ന യുവതി ഭീകരതയ്ക്ക് ഇരയായവരുടെ മുഖമായി മാറി.  നാവിക സേന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യ ഹിമാന്‍ഷിയുമാണ് ചിത്രത്തിലുള്ളത്. വിനയ് നർവാളിൻ്റെ മൃതദേഹത്തിനടുത്ത് നെഞ്ച് പൊട്ടി ഇരിക്കുന്ന ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരാഴ്ച മുൻപായിരുന്നു വിനയ് നർവാളിൻ്റെ കല്യാണം.


ഭർത്താവിൻ്റെ ജീവനറ്റ ശരീരത്തിന് സമീപം വിറങ്ങലിച്ച് നിൽക്കുന്ന ഭാര്യ. നിസ്സഹായതയുടെയും ഭീകരതയുടെയും മറ്റൊരു മുഖമായി മാറി ജമ്മുകശ്മീരിലെ പഹൽഗാം താഴ്‌വര. കല്യാണത്തിന് മുന്നോടിയായി കഴിഞ്ഞ മാസം 28നാണ് വിനയ് അവധിയിൽ പ്രവേശിച്ചത്. ഏപ്രിൽ 16നായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിൽ 19ന് റിസപ്ഷൻ പരിപാടികളും കഴിഞ്ഞ് ഭാര്യയോടൊപ്പം ഹണിമൂൺ ആഘോഷിക്കാൻ ജമ്മു കശ്മീരിലെ പഹൽഗാമിലെത്തിയതായിരുന്നു 26കാരനായ വിനയ് നർവാൾ.

മധുവിധു യൂറോപ്പിൽ ആഘോഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. പക്ഷെ വിസ കിട്ടിയില്ല. അങ്ങനെയാണ് ഇന്നലെ നവ വധൂവരന്മാർ പഹൽഗാമിൽ എത്തിയത്. പിന്നാലെ തോക്കേന്തി എത്തിയ ഭീകരരുടെ രക്തദുരയ്ക്ക് വിനയ് ഇരയായി.

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് അവധിയിലിരിക്കെയാണ് ജമ്മു കശ്മീരിലെത്തിയത്. രണ്ട് വർഷം മുൻപ് നാവികസേനയിൽ ചേർന്ന വിനയ് നർവാൾ, കൊച്ചി നേവൽ ബേസിൽ ജോലി ചെയ്ത് വരികയായിരുന്നു. അടുത്ത മാസം മൂന്നിന് കൊച്ചിയിൽ തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു വിനയ്. അതിന് മുമ്പ് ഒന്നാം തീയതി ഇരുപത്തിയേഴാം പിറന്നാൾ ആഘോഷിക്കാനുള്ള വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു. അതിനിടെയാണ് ഭീകരതയുടെ ബുള്ളറ്റുകൾ ജീവിത സ്വപ്നങ്ങളെയെല്ലാം ചിതറിച്ച് കളഞ്ഞത്. വിനയ് നർവാളിൻ്റെ കൊലപാതകത്തിൻ്റെ നടുക്കത്തിലാണ് ഹരിയാനയിലെ കർണാലിലെ കുടുംബവും നാട്ടുകാരും.

വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞ ബൈസരൻ താഴ്‌വരയിൽ ഇന്നലെ വൈകീട്ടോടെയാണ് ഭീകരാക്രമണം ഉണ്ടായത്. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പ് നാടിനെ ഒട്ടാകെ ഭീതിയിലാഴ്ത്തിയിരുന്നു. അതിമനോഹരമായ പുൽമേടുകൾ, മഞ്ഞുമൂടിയ പർവതങ്ങൾ, ശാന്തമായ പ്രകൃതിദൃശ്യങ്ങൾ. ഇതായിരുന്നു ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാം. എന്നാൽ താഴ്‌വരയിലെ ഭീകരാക്രമണങ്ങൾ പ്രദേശത്തെ ഭീതിയുടെ കൊടുമുടിയിലെത്തിച്ചു.

നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന താഴ്‌വരയാണ് പഹൽഗാം. കൃത്യമായി ആസൂത്രണം ചെയ്ത്, വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നാണ് നിഗമനം. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. തൻ്റെ ഭർത്താവിന് തലയ്ക്ക് വേടിയേറ്റതായി ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് പലർക്കും വെടിയേറ്റതായും യുവതി പറഞ്ഞതായി റിപ്പോർട്ടുണ്ട്.


താനും ഭർത്താവും ഭേൽപൂരി കഴിച്ചുകൊണ്ടിരിക്കെയാണ് ഭർത്താവിന് നേരെ ആക്രമി വെടിയുതിർത്തതെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു യുവതി ഞെട്ടൽ വിട്ട് മാറാതെ പറഞ്ഞതായി ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്തു. നിങ്ങളുടെ ഭർത്താവ് ഒരു മുസ്ലീം അല്ലെന്ന് പറഞ്ഞതിന് ശേഷമാണ് വെടിയുതിർത്തതെന്നും യുവതി പറഞ്ഞു. മറ്റ് പലരും സഹായത്തിനായി അപേക്ഷിക്കുന്നതിൻ്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com