പൊലീസ് എത്തിയാണ് ഫ്ലാറ്റിലെ വാതിൽ തുറന്നതെന്നും അയൽവാസികൾ പറയുന്നു
കുവൈറ്റിൽ മലയാളികളായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ സംഭവദിവസം ഇരുവരും വഴക്ക് ഉണ്ടായതായി അയൽവാസികൾ. രണ്ടുപേരും ഫ്ലാറ്റിൽ വച്ച് വഴക്ക് ഉണ്ടാക്കിയിരുന്നു. ബിൻസി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സ് ഇൻ ചാർജിനെ വിളിച്ച് ഇനി ബിൻസി ജോലിക്ക് വരില്ലെന്ന് സൂരജ് പറഞ്ഞു. വഴക്ക് കേട്ട് ഫ്ലാറ്റിലേക്കു എത്തിയെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് സംശയം തോന്നിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയാണ് ഫ്ലാറ്റിലെ വാതിൽ തുറന്നതെന്നും അയൽവാസികൾ പറയുന്നു. ഇരുവരുടെയും മൃതദേഹം ഫര്‍വാനിയ ദജീജിലുള്ള ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അബ്ബാസിയയിലെ ഫ്ലാറ്റിലാണ്, നഴ്‌സുമാരായ ഭാര്യയെയും ഭർത്താവിനെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്. പൊലീസും ഫോറൻസിക് സംഘവും ഫ്ലാറ്റിലെത്തി പരിശോധന നടത്തി.
ALSO READ: അമ്മയ്‌ക്കൊപ്പം നാട്ടിൽ ഈസ്റ്റർ ആഘോഷിച്ച് മടങ്ങി; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ
കണ്ണൂർ നടുവിൽ പഞ്ചായത്തിലെ മണ്ഡളം സ്വദേശിയാണ് സൂരജ്. ഈസ്റ്റർ ആഘോഷിക്കാനാണ് സൂരജ് ജോൺ അവസാനമായി വീട്ടിലെത്തിയത്. കഴിഞ്ഞാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് കുവൈറ്റിലേക്ക് മടങ്ങിയത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സൂരജ് അമ്മ തങ്കമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്. രണ്ടുപേരും എറണാകുളത്തെ ബോർഡിങ് സ്കൂൾ വിദ്യാർഥികളാണ്.