
നേപ്പാളിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 240 കടന്നു. 126 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. മണ്ണിടിച്ചിലില്‍ 29 പേരെ കാണാതായതായാണ് ഔദ്യോഗിക വിവരം. നിലവിൽ നാലായിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പെയ്ത കനത്ത മഴയിൽ കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിർത്താതെ പെയ്ത മഴയിൽ രാജ്യത്തെ മിക്ക റോഡുകളും പാലങ്ങളും തകരുകയും മുന്നൂറിലധികം വീടുകൾ പൂർണമായും ഇല്ലാതാകുകയും ചെയ്തു. നിറയെ യാത്രക്കാരുമായി വന്ന മൂന്ന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടു. തലസ്ഥാന നഗരിക്കുപുറത്തുള്ള മൂന്ന് ഹൈവേകൾ തടസപ്പെട്ടതിനാൽ ജനങ്ങളുടെ യാത്രകൾ ഏതാണ്ട് നിലച്ച സ്ഥിതിയിലാണ്.
Also Read: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ നേവിയുടെ കപ്പലുകൾ ഇറാനിൽ; ദീർഘദൂര പരിശീലന വിന്യാസത്തിൻ്റെ ഭാഗമെന്ന് വിശദീകരണം
ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്ത ബാധിതർക്ക് താത്കാലിക സംരക്ഷണമൊരുക്കുമെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ സർക്കാരും സന്നദ്ധസംഘടനകളും ചേർന്ന് ഇതിനോടകം കൈമാറിയിട്ടുണ്ട്.