"ട്രംപിനൊപ്പം ചേർന്ന് ഇറാന്‍റെ ആണവ സ്വപ്നങ്ങൾ ഇല്ലാതാക്കും"; പ്രഖ്യാപനവുമായി നെതന്യാഹു

പശ്ചിമേഷ്യയിലെ ഇറാൻ്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കുമെന്നും നെതന്യാഹുവിൻ്റെ പ്രഖ്യാപനമുണ്ട്
"ട്രംപിനൊപ്പം ചേർന്ന് ഇറാന്‍റെ ആണവ സ്വപ്നങ്ങൾ ഇല്ലാതാക്കും"; പ്രഖ്യാപനവുമായി നെതന്യാഹു
Published on

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനൊപ്പം ചേർന്ന് ഇറാന്‍റെ ആണവ സ്വപ്നങ്ങളില്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയിലെ ഇറാൻ്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കുമെന്നും നെതന്യാഹുവിൻ്റെ പ്രഖ്യാപനമുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആയിരുന്നു പരാമർശം.

"ട്രംപിനൊപ്പം ചേർന്ന് ഇറാന്‍റെ ആണവ സ്വപ്നങ്ങളില്ലാതാക്കും, ആയത്തുള്ളമാരെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ല, അതിനായി യുഎസിനൊപ്പം തോളോട് തോള്‍ ചേർന്ന് പ്രവർത്തിക്കും," ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ജെറുസലേമില്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനമുണ്ടായത്.

പശ്ചിമേഷ്യയിലെ ഇറാൻ്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കുമെന്ന് മാർക്കോ റൂബിയോയെ വലതുവശത്ത് നിർത്തിയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. 16 മാസക്കാലത്തെ ഗാസ യുദ്ധത്തിനിടെ ലെബനനിലെ ഹിസ്ബുള്ളയെ അടക്കം ദുർബലപ്പെടുത്തിക്കൊണ്ട് ഇറാന് വലിയ അടിയാണുണ്ടാക്കിയതെന്ന് നെതന്യാഹു പറഞ്ഞു. പിന്നാലെ, ഗാസയിലെ ഇസ്രയേലിന്‍റെ നയത്തിന് യുഎസ് നല്‍കിയ ഉറച്ച പിന്തുണയ്ക്കും നന്ദി പറഞ്ഞു.

വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന പലസ്തീൻ എൻക്ലേവിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കീഴിലുള്ള ഇസ്രായേലും അമേരിക്കയും ഒരു പൊതു തന്ത്രമാണ് പങ്കിടുന്നതെന്നും നെതന്യാഹു പറഞ്ഞു. ഡൊണാൾഡ് ട്രംപും താനും പൂർണ്ണ സഹകരണത്തിലും ഏകോപനത്തിലുമാണ് പ്രവർത്തിക്കുന്നതെന്നും നെതന്യാഹു അറിയിച്ചു.

നെതന്യാഹുവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ, പശ്ചിമേഷ്യയിലെ എല്ലാ ഭീകരവാദ പ്രവർത്തനങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് റൂബിയോ ആരോപിച്ചു. ഹമാസിന് അക്രമത്തെ ആശ്രയിക്കുന്ന കാലത്തോളം ഒരു സൈന്യമായോ സർക്കാരായോ ഹമാസിന് ഗാസ മുനമ്പില്‍ തുടരാനാവില്ല എന്നും റൂബിയോ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com