
സ്ത്രീധനം കുറഞ്ഞു പോയതിന് ഉത്തർപ്രദേശിൽ യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത. സഹാറൻപൂർ സ്വദേശിനിയായ സൊനാൽ സൈനി എന്ന യുവതിക്ക് സ്ത്രീധനം നൽകാത്തതിന് ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെപ്പ് നൽകി.
ഫെബ്രുവരി 15, 2023നാണ് സൊനാൽ സൈനിയും അഭിഷേക് എന്ന യുവാവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഒരു കാറും 15 ലക്ഷം രൂപയുമായിരുന്നു പെൺകുട്ടിക്ക് സ്ത്രീധനമായി നൽകിയത്. അതിൽ തൃപ്തരല്ലാതെ വിവാഹശേഷം 25 ലക്ഷവും സ്കോർപ്പിയോ എസ്‌യുവി കാറും ഭർതൃകുടുംബം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ച യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി.
തുടർന്നും ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് അധികൃതരുടെയും മറ്റും ഇടപെടലോടെ പെൺകുട്ടി തിരിച്ച് ഭർതൃവീട്ടിലെത്തി. എന്നാൽ, തുടർന്ന് അവിടെ പെൺകുട്ടി അനുഭവിച്ചത് കടുത്ത ശാരീരിക - മാനസിക പീഡനങ്ങളാണ്. എച്ച്ഐവി ബാധിതൻ ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ച് യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അതേസമയം യുവതിയുടെ ഭർത്താവിന് എച്ച്ഐവി നെഗറ്റീവും ആയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നൽകിയത്.
പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചു. സംഭവത്തിൽ കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്‌വാലി പോലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.