
എ.കെ. ശശീന്ദ്രൻ മാറി തോമസ് കെ. തോമസ് മന്ത്രിയായി വരണം എന്നാണ് പാർട്ടിയുടെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. അത് മുഖ്യമന്ത്രിയെ അറിയിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയെ കാണുന്നതാണ് അടുത്ത നടപടി. താനും തോമസ് കെ. തോമസും, ശശീന്ദ്രനും മുഖ്യമന്ത്രിയെ കാണും. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. മൂന്നാം തീയതിയാണ് കൂടിക്കാഴ്ച നടത്തുക. സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനത്തെ ചൊല്ലി ദീർഘനാളായി എൻസിപിയിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിൽ മന്ത്രി മാറ്റമുണ്ടാകുമെന്ന വാർത്ത വരുന്നത്.
എൻസിപിയിൽ തർക്കം മുറുകുകയാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. വൈസ് പ്രസിഡൻ്റ് പി.കെ രാജൻ്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യം പി.സി. ചാക്കോ അംഗീകരിച്ചിരുന്നില്ല. തുടർന്ന്, പി.കെ. രാജന്‍റെ സസ്പെൻഷൻ പ്രതികാര മനോഭാവത്തോട് കൂടിയുള്ളതാണെന്നും, നടപടി പിന്‍വലിക്കണമെന്നുമാണ് എ.കെ. ശശീന്ദ്രൻ പി.സി. ചാക്കോയ്ക്ക് കത്തയച്ചിരുന്നു. ന്ത്രിമാറ്റം പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡന്‍റ് സ്വന്തം തീരുമാന പ്രകാരം മുന്നോട്ട് പോകുന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ശശീന്ദ്രന്‍ ആരോപിച്ചിരുന്നു.
എന്നാൽ, മന്ത്രി ഔദ്യോഗിക ലെറ്റർ പാഡ് ദുരുപയോഗം ചെയ്തെന്ന് പി.സി. ചാക്കോ എന്‍സിപിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശശീന്ദ്രന് മറുപടിയായി സന്ദേശമയക്കുകയായിരുന്നു. ആരും പാർട്ടിക്ക് മുകളിലല്ല. സംസ്ഥാന അധ്യക്ഷനെതിരെ അടിസ്ഥാനരഹിത ആരോപണമാണ് പി.കെ. രാജൻ മാസ്റ്റർ ഉന്നയിച്ചത്. നടപടി എടുക്കുക തന്നെ ചെയ്യുമെന്നും പി.സി. ചാക്കോ പറഞ്ഞു.