വൈദ്യസഹായത്തോടെ മരണം തെരഞ്ഞെടുക്കാൻ അവസരം; ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ബ്രിട്ടൻ

ലേബർ പാർട്ടി എംപി കിം ലീഡ്ബീറ്ററിൻ്റെ സ്വകാര്യ ബില്ലിൽ, നവംബർ 29ന് വോട്ടെടുപ്പു നടക്കും
വൈദ്യസഹായത്തോടെ മരണം തെരഞ്ഞെടുക്കാൻ അവസരം; ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ബ്രിട്ടൻ
Published on

വൈദ്യസഹായത്തോടെ മരണം തെരഞ്ഞെടുക്കാൻ അവസരം നൽകുന്ന ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ബ്രിട്ടൻ. ലേബർ പാർട്ടി എംപി കിം ലീഡ്ബീറ്ററിൻ്റെ സ്വകാര്യ ബില്ലിൽ, നവംബർ 29ന് വോട്ടെടുപ്പു നടക്കും. ബില്ലിനെക്കുറിച്ച് ഏറെ വികാരപരമായാണ് ബ്രിട്ടീഷുകാരുടെ പ്രതികരണം.

ഇംഗ്ലണ്ടിലും വെയിൽസിലും ദയാവധത്തിന് സമാനമായ വൈദ്യസഹായത്തോടെയുള്ള മരണം അനുവദിക്കാനുള്ള ബില്ലിലെ ചർച്ചകൾക്കാണ് ബ്രിട്ടീഷ് പാർലമെൻ്റ് സാക്ഷ്യം വഹിക്കുന്നത്. ജീവിതകാലം മുഴുവൻ കിടപ്പുരോഗിയായി കഴിയേണ്ട സാഹചര്യത്തിലും ഭേദമാക്കാനാകാത്ത മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും മരണം തെരഞ്ഞെടുക്കാമെന്നാണ് ബില്ലിൽ നിഷ്കർഷിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിയമമാറ്റത്തിനുള്ള ശ്രമം ബ്രിട്ടീഷ് പാർലമെൻ്റിൽ നടക്കുന്നത്. അതേസമയം ബില്ലാണ് ഇല്ലാതാക്കേണ്ടതെന്നും, രോഗികളെയല്ലെന്നുമുള്ള മുദ്രാവാക്യവുമായി ഒരു പക്ഷം പ്രതിഷേധരംഗത്തുണ്ട്.


ബ്രിട്ടണിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും വൈദ്യസഹായത്തോടെയുള്ള മരണത്തിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് 2023ലെ ഇപ്സോസ് മോരി പോൾ സർവെ ഫലം പറയുന്നത്. ഹൗസ് ഓഫ് കോമൺസിൽ 2015ൽ ബിൽ ചർച്ചക്ക് വന്നെങ്കിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് സർവെ നടത്തിയത്. ബില്ലിനെ അനുകൂലിക്കുന്നവരിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമുണ്ട്.

ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, അമേരിക്കയിലെ ചില സ്റ്റേറ്റുകൾ എന്നിവയിൽ ഉൾപ്പടെ ഇതിനകം ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. 1942 മുതൽ സിറ്റ്സ്വർലാൻഡിലും 2002 മുതൽ നെതർലാൻഡിലുമാണ് നിയമം നടപ്പാക്കിയത്. രോഗികളുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കണമെന്ന് നിയമത്തിൽ പറയുന്നു. ലേബർ പാർട്ടി നേതാവായ കിം ലീഡ്ബീറ്ററാണ് ഈ നിയമനിർമാണത്തിനായി മുൻപന്തിയിലുള്ളത്. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണമെന്നാണ് കിമ്മിൻ്റെ നിലപാട്. പാലിയേറ്റീവ് കെയറിലൂടെ കഷ്ടപ്പാടോ, വിഷമങ്ങളോ കുറയുന്നില്ലെന്നും വൈദ്യ സഹായത്തിലൂടെ മരണം തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്നുമാണ് കിം വിശദീകരിക്കുന്നത്.


നവംബർ 29ന് പാർലമെൻ്റിൽ വോട്ടിങ്ങ് നടക്കും. പാർട്ടി തീരുമാനങ്ങൾക്ക് അതീതമായി രാഷ്ട്രീയ പ്രവർത്തകർക്ക് വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിയമനിർമാണത്തിലൂടെ ദുർബലരായ രോഗികൾക്ക് മരണം തെരഞ്ഞെടുക്കാൻ സമ്മർദം ഉണ്ടായേക്കാമെന്നും ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നുമാണ് എതിർക്കുന്നവർ ആശങ്കപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com