EXCLUSIVE | കോന്നി വനം ഡിവിഷനിൽ വ്യാപക മരം മുറി; സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വനം വകുപ്പ്

മരം മുറിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
EXCLUSIVE | കോന്നി വനം ഡിവിഷനിൽ വ്യാപക മരം മുറി; സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വനം വകുപ്പ്
Published on

കോന്നി വനം ഡിവിഷനിൽ വ്യാപകമായി മരങ്ങൾ മുറിച്ചുമാറ്റിയതായി കണ്ടെത്തൽ. ന്യൂസ് മലയാളമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നടുവത്തെ മുഴിറേഞ്ചിൽ പാടം സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ നിന്നുമാണ് തേക്കും മരുതും ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു കടത്തിയത്. മരംമുറിച്ച ശേഷം കുറ്റിയിൽ തീയിട്ട നിലയിലുള്ള ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു.


കല്ലേലി, ഹാരിസൺ എസ്റ്റേറ്റ് അതിർത്തിയിൽ,നടുവത്തും മുഴിറേഞ്ചിൽ നിന്നാണ് കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റിയ ദൃശ്യങ്ങൾ ലഭിച്ചത്. വർഷങ്ങൾ പഴക്കമുള്ള നിരവധി മരങ്ങളാണ് മുറിച്ചുകടത്തിയത്. മരക്കുറ്റികൾക്ക് പഴക്കം വരാനും, പെട്ടെന്ന് ദ്രവിച്ചു പോകാനും പഞ്ചസാര,, മെർക്കുറി പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കത്തിക്കുന്നതാണ് വനംകൊള്ളക്കാരുടെ രീതി. സമാനമായ ദൃശ്യങ്ങളാണ് ഇവിടെയും നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ മരം മുറിച്ചിരിക്കുന്നത് റിസർവ് ഭൂമിയിൽ നിന്നാണ്. ഹാരിസൺ മലയാളത്തിന്റെ എസ്റ്റേറ്റ് ഭൂമിയോട് ചേർന്ന ഭാഗത്തുനിന്നാണ് മരങ്ങൾ മുറിച്ചുനീക്കിയത്. വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു കൊണ്ടു പോയത് ഗൗരവകരമായ വിഷയമാണെന്നും കൃത്യമായ നടപടിയുണ്ടാകണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ പല ഭാഗങ്ങളിലും ഭൂവിഭവങ്ങളുടെ കൊള്ള നടക്കുന്നുണ്ടെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി വലിയ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു .


എന്നാൽ വനഭൂമിയിൽ നിന്നും മരം മുറിച്ചു കൊണ്ടു പോകാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു. എന്നാൽ വാർത്ത പുറത്തുവന്നതോടെ, മരം മുറിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com