
നെയ്യാറ്റിൻകര ഗോപന്‍റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യമുണ്ടെന്ന് ഹൈക്കോടതി. മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. സർട്ടിഫിക്കറ്റില്ലെങ്കിൽ അസ്വഭാവിക മരണം എന്ന നിഗമനത്തിൽ എത്തേണ്ടതായി വരുമെന്നും അറിയിച്ചു. സമാധിസ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുലോചന സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്വേഷണം നിർത്തി വെയ്ക്കാനോ നീട്ടിക്കൊണ്ട് പോകാനോ ആവില്ലെന്ന് പറഞ്ഞു. മറുപടിക്ക് സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ എന്തിനാണ് പേടിയെന്ന് ഹർജിക്കാരോട് ഹൈക്കോടതി ആരാഞ്ഞു. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാം. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമം. ഒരു മനുഷ്യനെ കാണാതായാൽ അത് അന്വേഷിക്കാൻ ഏജൻസികൾക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഗോപന്‍ എങ്ങനെ മരിച്ചുവെന്നും മരണം എവിടെയാണ് അംഗീകരിച്ചതെന്നും കോടതി കുടുംബത്തോട് ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നു പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ആറാലുംമൂട് സ്വദേശിയായ ഗോപനെ (69) കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉത്തരവിട്ടത്. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയതോടെ ഗോപന്‍റെ കുടുംബത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.
സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വഭാവികത തീര്‍ക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചു. എന്നാല്‍ സമാധി പൊളിച്ചു നീക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലാണ് കുടുംബം. പിതാവിൻ്റെ കല്ലറ പൊളിക്കുന്നതിൽ അന്തിമ തീരുമാനം ഹിന്ദു ഐക്യവേദി എടുക്കുമെന്ന് ഗോപന്‍റെ മകൻ സനന്തൻ പറഞ്ഞു. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമാണ് മകന്റെ നിലപാട്.