"ഉപജീവനത്തിന് പശുക്കളെ നൽകാമെന്ന് സുരേഷ് ഗോപി അറിയിച്ചു"; സമാധിയിലെ വരുമാനമെടുക്കില്ലെന്ന് നെയ്യാറ്റിൻകര ​ഗോപന്‍റെ കുടുംബം

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന ചതവുകൾ ​ഗോപൻ ചുമട്ടു തൊഴിലാളി ആയിരുന്നപ്പോൾ ഉണ്ടായിരുന്നത് ആയിരിക്കാമെന്ന് ഭാര്യ സുലോചന പറഞ്ഞു
"ഉപജീവനത്തിന് പശുക്കളെ നൽകാമെന്ന് സുരേഷ് ഗോപി അറിയിച്ചു"; സമാധിയിലെ വരുമാനമെടുക്കില്ലെന്ന് നെയ്യാറ്റിൻകര ​ഗോപന്‍റെ കുടുംബം
Published on

നെയ്യാറ്റിൻകര ​ഗോപന്‍റേത് സമാധി തന്നെയെന്ന് ആവർത്തിച്ച് കുടുംബം. സമാധിയിൽ നിന്നുള്ള വരുമാനം ഉപജീവന മാർഗമായി ഉപയോഗിക്കില്ലെന്നും പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കുടുംബം അറിയിച്ചു. ​ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തുവന്നതിനു പിന്നാലെ മക്കളായ രാജസേനൻ, സനന്ദൻ, ഭാര്യ സുലോചന, വിഷ്ണുപുരം ചന്ദ്രശേഖരൻ, അഭിഭാഷകനും യുവമോർച്ച നേതാവുമായ രഞ്ജിത്ത് എന്നിവർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന ചതവുകൾ ​ഗോപൻ ചുമട്ടു തൊഴിലാളി ആയിരുന്നപ്പോൾ ഉണ്ടായിരുന്നതായിരിക്കാമെന്ന് ഭാര്യ സുലോചന പറഞ്ഞു. പൂജാ കാര്യങ്ങൾ അച്ഛൻ ഏൽപ്പിച്ചിരുന്നത് തന്നെയാണെന്ന് മകൻ രാജസേനൻ അറിയിച്ചു. ഉപജീവന മാർഗമായി രണ്ട് പശുവിനെ നൽകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതായും കുടുംബം കൂട്ടിച്ചേർത്തു.

ഗോപന്റേത് സ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞപ്പോൾ റിപ്പോർട്ടിലെ പരാമർശങ്ങൾ എടുത്തുകാട്ടി മരണം സമാധിയാണെന്ന് യുവമോർച്ച നേതാവ് വാദിച്ചു. റിപ്പോർട്ടിലെ നാലാമത്തെ ഖണ്ഡികയാണ് ഇതിനായി രഞ്ജിത്ത് ഉദ്ധരിച്ചത്. കല്ലറയും അതിൽ ഏതു വിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെന്നുമാണ് ഈ ഭാ​ഗത്ത് പറയുന്നത്. ഇത് പ്രകാരം, കോൺക്രീറ്റ് കല്ലറയ്ക്ക് മുകളിൽ അരളിയും മറ്റ് പൂക്കളും വിതറിയിരുന്നു. ഒരു ചെറിയ വെങ്കല 'ഉരുളി'യും ഒരു ഇളം വെങ്കല നിറത്തിലുള്ള പരമ്പരാഗത 'കേരള വിളക്കും' കല്ലറയില്‍ സ്ഥാപിച്ചിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പൂക്കളും ചുവന്ന റോസാപ്പൂക്കളും കൊണ്ട് നിർമിച്ച മാല 'ഉരുളി'യില്‍ ചുറ്റിയിരുന്നു. കല്ലറ തുറന്നപ്പോൾ മൃതദേഹം ചമ്രംപിടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നുവെന്നും ശരീരത്തിന് ചുറ്റും ചാരനിറത്തിലുള്ള പൊടിപടലങ്ങൾ (ഭസ്മം) ഉണ്ടായിരുന്നതായുമാണ് റിപ്പോർട്ടിലെ രഞ്ജിത്ത് ഉദ്ധരിച്ച ഭാ​ഗം.

ദേഹത്ത് കണ്ട ചതവുകൾ മരണകാരണമല്ലെന്നും കരൾ, വൃക്ക എന്നിവ തകരാറിലായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ​ഗോപന്റെ മരണ കാരണം കൃത്യമായി അറിയാൻ ഇനി രാസ പരിശോധന ഫലം ലഭിക്കണം. ശരീരത്തിന്റെ എല്ലാ ബാഹ്യ ദ്വാരങ്ങളിലും അഴുകൽ ബാധിച്ചിരുന്നുതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ പ്രധാനമായും നാല് ചതവുകൾ കണ്ടെത്തിയതായാണ് എടുത്ത് പറയുന്നത്. മൃതശരീരം ജീർണാവസ്ഥയിൽ ആയിരുന്നതിനാൽ മറ്റ് ബാഹ്യ മുറിവുകൾ നിർണയിക്കാൻ കഴിഞ്ഞില്ല. അസ്ഥികൂടം ഉൾപ്പെടെയുള്ള ആഴത്തിലുള്ള ഘടനകൾക്ക് പരിക്കില്ല. തലയോട്ടിക്ക് കേടുപാടുകൾ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ‌ പറയുന്നു.

ജനുവരി ഒമ്പതിന് മരിച്ച ഗോപൻ സ്വാമിയുടെ മൃതദേഹം കുടുംബം ആരുമറിയാതെ മറവു ചെയ്യുകയായിരുന്നു. ​ഗോപന്റേത് 'സമാധി' ആണ് എന്നായിരുന്നു കുടുംബത്തിന്റെ വാദം. അയൽവാസികൾ ഈ അവകാശവാദം ചോദ്യം ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ പരിശോധനയ്ക്കായി കല്ലറയടക്കം പൊളിച്ചു. സ്വാഭാവിക മരണമെന്ന പ്രാഥമിക മെഡിക്കൽ കണ്ടെത്തലോടെ സമാധി തന്നെയെന്ന വാദം വീണ്ടുമുയർത്തിയ കുടുംബം മഹാസമാധിയെന്ന പേരിൽ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com