അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേളിന്റെ തിരക്കഥ ബോബി-സഞ്ജയ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ബേബി ഗേള്‍
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭത്തിലാണ് തിരുവനന്തപുരത്ത് വെച്ച് തുടങ്ങിയത്. കുറച്ച് ദിവസത്തിന് ശേഷം സെറ്റില്‍ നിവിന്‍ പോളി ജോയിന്‍ ചെയ്തിരുന്നു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാളത്തിലെ ഒരു പ്രമുഖ നടനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. അതിന് പിന്നാലെ അത് നിവിന്‍ പോളിയെ കുറിച്ചാണെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. നിവിന്‍ ബേബി ഗേള്‍ സെറ്റില്‍ നിന്നും ഇറങ്ങി പോയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ നിവിന്‍ വീണ്ടും ബേബി ഗേള്‍ സെറ്റില്‍ ജോയിന്‍ ചെയ്തു എന്ന വാര്‍ത്തയാണ് വരുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വൈക്കത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
അതേസമയം വിവാദങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ നിവിന്‍ സെറ്റില്‍ നിന്നും ഇറങ്ങി പോയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ നിവിന്റെ സീനുകള്‍ മുക്കാല്‍ ഭാഗവും തീര്‍ന്നുവെന്നാണ് അരുണ്‍ അന്ന് പറഞ്ഞത്. ഉടന്‍ തന്നെ ബാക്കിയുള്ള സീനുകളുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ലിസ്റ്റിന്റെ പരാമര്‍ശത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അരുണ്‍ പറഞ്ഞത്.
ALSO READ : "മൂന്നാം ഭാഗം വന്നേ മതിയാകൂ, നേരിട്ടത് വലിയ വെല്ലുവിളികള്‍"; എമ്പുരാനെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍
മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് ലിസ്റ്റിന്‍ പറഞ്ഞ നടന്‍ നിവിന്‍ പോളിയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നത്. സംഭവത്തില്‍ നിവിന്‍ പോളി നേരിട്ട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു പൊതു പരിപാടിയില്‍ നിവിന്‍ സംസാരിച്ചിരുന്നു.
'സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന ആളുകളെയും നമ്മള്‍ മുമ്പില്‍ കാണാറുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്. നല്ലഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക, പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുമ്പോട്ട് പോവാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും', എന്നാണ് നിവിന്‍ പറഞ്ഞത്.
അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേളിന്റെ തിരക്കഥ ബോബി-സഞ്ജയ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ബേബി ഗേള്‍. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.