പൂരം കാണാന്‍ പോയ കോണ്‍ഗ്രസുകാര്‍ സുരേഷ് ഗോപിയുടെ ഹീറോയിസം കണ്ട് വോട്ട് ചെയ്തു എന്നാണോ കെപിസിസി അന്വേഷണ റിപ്പോർട്ടിൽ പറയുന്നതെന്ന് കെ. പ്രേം കുമാര്‍
തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോ ആക്കാനെന്ന് ആരോപിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. പൂര പ്രേമികളായ കോണ്‍ഗ്രസുകാരുടെ വോട്ട് ബിജെപിയിലേക്ക് പോയെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മതിച്ചു.
പൂരം കലക്കലില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കി സര്‍ക്കാരിന്റെ അസാധാരണ നീക്കത്തിനാണ് ഇന്ന് സഭ സാക്ഷിയായത്. തുടര്‍ച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയ ചര്‍ച്ച അനുവദിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
പൂരം കലക്കാന്‍ കളമൊരുക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂരപ്പറമ്പില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ രക്ഷകനായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അവതരിപ്പിച്ചുവെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്‌ഗോപിയെ കൊണ്ട് വന്നത്. ആക്ഷന്‍ ഹീറോ പരിവേഷമാണ് അദ്ദേഹത്തിന് കിട്ടിയത്. പൊലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല. സേവാഭാരതിയുടെ ആംബുലന്‍സിന് വഴിയൊരുക്കിയത് പൊലീസല്ലേ? എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ പോലീസ് ഇതിന് അനുമതി നല്‍കുമോ? സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്.
ALSO READ: തുടര്‍ച്ചയായി മൂന്നാം ദിനവും അടിയന്തര പ്രമേയം; നിയമസഭാ ചരിത്രത്തിലാദ്യം
പൂരം നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ എട്ട് പ്രധാന വീഴ്ചകള്‍ തിരുവഞ്ചൂര്‍ വിശദീകരിച്ചു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ പൊലീസ് കണ്ടത് ശത്രുക്കളായാണ്. അനുഭവ പരിചയമില്ലാത്ത വ്യക്തിയെ സിറ്റി പൊലീസ് കമ്മീഷണറാക്കി. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉള്‍പ്പടെ തടഞ്ഞത് ബോധപൂര്‍വം ആരോ പൂരം കലക്കി എന്നതിന് തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൂരം കലക്കിയത് ഗൗരവമുള്ള വിഷയമാണ്. മുന്നൊരുക്കങ്ങളില്‍ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കാരണം തടസ്സപ്പെട്ടു. എണ്ണ കൊണ്ട് പോയവരെ വരെ തടഞ്ഞു. രാത്രിയില്‍ പൊലീസ് അതിക്രമം ഇരട്ടിയാക്കി. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പൂരം കലക്കിയത്. എഡിജിപിയാണ് ഇതിന് മുന്നില്‍ നിന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു.
കമ്മീഷണര്‍ ഒറ്റയ്ക്കല്ല ഇതെല്ലാം ചെയ്തത്. അദ്ദേഹത്തിന്റെ തലയില്‍വെച്ച് വീഴ്ചകളില്‍ നിന്ന് മുതിര്‍ന്നവര്‍ക്ക് തലയൂരാന്‍ കഴിയുന്നതെങ്ങനെയാണ്? പൂരം കലക്കാന്‍ ഹിഡന്‍ അജണ്ടയുണ്ടായിരുന്നു. പൂരം കലങ്ങിയതില്‍ ഞങ്ങളുടെ ആളുകള്‍ക്ക് വിഷമം ഉണ്ടായി. കോണ്‍ഗ്രസ് വോട്ട് കുറഞ്ഞു. അവരെ ബിജെപിയിലേക്ക് അയച്ചതിലാണ് ഗൂഢാലോചന. അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ അഞ്ചു മാസം എടുത്തു. പൂരംം കലക്കിയ എഡിജിപി തന്നെയാണ് അന്വേഷണവും നടത്തിയത്.
ഭരണപക്ഷത്തു നിന്നും കടകംപള്ളി സുരേന്ദ്രനാണ് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയത്. പൂരം കലക്കലില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. കുറ്റക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തിരുവഞ്ചൂര്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചെന്നും കടകംപള്ളി ആരോപിച്ചു.
പൂരം കലങ്ങിയതിന്റെ പേരില്‍ പൂര പ്രേമികളായ കോണ്‍ഗ്രസുകാര്‍ ആക്ഷന്‍ ഹീറോ ആയ സുരേഷ് ഗോപിക്ക് വോട്ട് ചെയ്‌തെന്നാണ് തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞതെന്ന് കെ. പ്രേം കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന ത്രിതല അന്വേഷണത്തില്‍ ഗൂഢാലോചന സംബന്ധിച്ച് വ്യക്തത വരും. അതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ സാധിക്കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ അത് സാധിക്കുമോ. മന്ത്രിമാരായ കെ. രാജനും ആര്‍. ബിന്ദുവിനും പൂരങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് തെരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ ഉള്ളതിനാലെന്ന് പി. ബാലചന്ദ്രന്‍ മറുപടി നല്‍കി.
പൂരം അലങ്കോലപ്പെട്ടപ്പോള്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയതാണ് തൃശൂരിലെ പരാജയത്തിന് കാരണമെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന് പറയേണ്ടി വന്നുവെന്നും പ്രേം കുമാര്‍ പറഞ്ഞു. പൂരം അലങ്കോലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം പ്രഖ്യാപിച്ചല്ലോ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ഘട്ടമായിരുന്നു. പിന്നീട് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടല്ലോ, പൂരം കാണാന്‍ പോയ കോണ്‍ഗ്രസുകാര്‍ സുരേഷ് ഗോപിയുടെ ഹീറോയിസം കണ്ട് വോട്ട് ചെയ്തു എന്നാണോ അതില്‍ പറയുന്നത് എന്നും അനില്‍ കുമാര്‍ ചോദിച്ചു.