എൻ.എം. വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു

എൻ.എം. വിജയൻ്റെ കത്തുകൾ , കുടുംബത്തിൻ്റെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത്
എൻ.എം. വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു
Published on



വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റെയും മരണത്തിൽ ആത്മഹത്യ പ്രേരണക്ക് കേസെടുത്തു. അസ്വഭാവിക മരണത്തിനെടുത്ത കേസിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. എൻ.എം വിജയൻ്റെ കത്തുകൾ , കുടുംബത്തിൻ്റെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത്.


എൻ.എം. വിജയൻ്റെ ആത്മഹത്യ അന്വേഷിക്കുന്ന കെപിസിസി അന്വേഷണ ഉപസമിതി ബുധനാഴ്ച വയനാട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തിയത്. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തിന് ഉറപ്പ് നൽകി.

നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും, നേതാക്കളുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നും പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നുമായിരുന്നു കുടുംബത്തിൻ്റെ പ്രസ്താവന. എല്ലാം നല്ല രീതിയിൽ ചെയ്യാമെന്ന് പാർട്ടി നേതാക്കൾ ഉറപ്പു നൽകിയതായി എൻ.എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. നേതാക്കൾ വന്നതിൽ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും നേതാക്കൾ ഗൗരവത്തിൽ കേട്ടിട്ടുണ്ടെന്ന് മകൾ പത്മജയും വ്യക്തമാക്കി.

വിഷയത്തിൽ നേതാക്കളും പ്രവർത്തകരും പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും, പരാതികളുള്ളവർക്ക് അന്വേഷണ സമിതിയെ സമീപിക്കാമെന്നും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും, കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ പ്രശ്നത്തിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയാണ് മുന്നോട്ടുപോകുന്നത്. എല്ലാ കാര്യത്തിലും പരിഹാരമുണ്ടാക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. മറ്റു തലങ്ങളിൽ കൂടി ഇക്കാര്യം ആലോചിക്കേണ്ടി വരും", എംഎൽഎ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും പറയാനില്ല, നീതിപൂർവ്വമായ അന്വേഷണം നടക്കട്ടെ, കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ധാർമിക ഉത്തരവാദിത്തമാണ് നടത്തിയതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

അന്വേഷണ ഉപസമിതി നാളെ പത്തുമണിക്ക് വയനാട് ഡിസിസിയിൽ എത്തും. ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉപസമിതി തെളിവെടുപ്പ് നടത്തും. തുടർന്ന് എൻ.എം. വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിക്കും. തുടർന്നായിരിക്കും റിപ്പോർട്ട് സമർപ്പണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com