മൊബൈൽ വെളിച്ചത്തിൽ തലയ്ക്ക് തുന്നലിട്ട സംഭവം: ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ

സംഭവത്തിൽ പരാതി നൽകുന്നില്ല. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിയാൽ മതി. കുട്ടിയെ ഇന്ന് രാവിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയെന്നും കുട്ടിയുടെ അമ്മ സുരഭി പറഞ്ഞു
മൊബൈൽ വെളിച്ചത്തിൽ തലയ്ക്ക് തുന്നലിട്ട സംഭവം: ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
Published on

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ തലയ്ക്ക് തുന്നൽ നടത്തിയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ഡീസൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആവശ്യത്തിന് ഡീസൽ ഉണ്ടായിരുന്നു. സംഭവത്തിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

സംഭവത്തിൽ മുറിവ് ഭാഗത്തെ മുടി വെട്ടാനിരുന്ന മുറിയിലും വെളിച്ചം ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ സുരഭി പ്രതികരിച്ചു. തുന്നൽ നടത്തുമ്പോൾ മുറിവിൽ മുടി ഇരിക്കുന്നതായി ഡോക്ടർ അറ്റൻഡറോഡ് പറഞ്ഞിരുന്നു. തങ്ങൾക്ക് ശേഷവും നിരവധി ആളുകൾ തുന്നലിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ പരാതി നൽകുന്നില്ല. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിയാൽ മതി. കുട്ടിയെ ഇന്ന് രാവിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയെന്നും കുട്ടിയുടെ അമ്മ സുരഭി പറഞ്ഞു.

അതേസമയം, വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ തലയ്ക്ക് തുന്നൽ നടത്തിയതിൽ പിഴവ് സംഭവിച്ചത് അറ്റൻഡറിനെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനറേറ്ററിന് ഡീസൽ പ്രശ്നം ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് 11കാരന്റെ തലയ്ക്ക് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിന്റെ തലയ്ക്കാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.

ഇന്നലെ രാവിലെ മുതൽ പല സമയങ്ങളിലും ആശുപത്രിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ആ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തി. നേരത്തെയും ലിഫ്റ്റ് പ്രവർത്തിക്കാത്തതടക്കമുള്ള വീഴ്ചകൾ വൈക്കം താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com