ഏക്കറിന് മുപ്പത് ലക്ഷം രൂപ വരെ കിട്ടുന്ന സ്ഥലം, പകുതി വിലയ്ക്ക് വിൽപ്പന നടത്താൻ ശ്രമം നടത്തുന്നു എന്നാണ് ആരോപണം. ഇതിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് ഒരു വിഭാഗം.
കേരള ചിക്കൻ പദ്ധതിയ്ക്കായി അട്ടപ്പാടിയിൽ വാങ്ങിയ സ്ഥലം വില്പനയ്ക്ക് വെച്ച് നോഡൽ ഏജൻസി.വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയാണ് അട്ടപ്പാടിയിൽ വാങ്ങിയ 20 ഏക്കർ സ്ഥലം വിൽപന നടത്തുന്നത്. എന്നാൽ വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്ഥലം വിൽപ്പന നടത്താൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.
കുറഞ്ഞ വിലയ്ക്ക് ഇറച്ചി കോഴികളെ വിൽപ്പന നടത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയുടെ നോഡൽ ഏജൻസിയാണ് വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റി. പദ്ധതിയുടെ ഭാഗമായി കോഴികുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ഹാച്ചറിയ്ക്കായി അട്ടപ്പാടിയിൽ 20 ഏക്കർ സ്ഥലം സൊസൈറ്റി വാങ്ങിയിരുന്നു.
ഷോളയൂർ വില്ലേജിലെ വട്ട് ലക്കിയിൽ 2018 ലാണ് സ്ഥലം വാങ്ങിയത്. എന്നാൽ ഹാച്ചറി നിർമ്മാണം നടക്കാതെ വന്നതോടെ പ്രതിസന്ധിയായി. സ്ഥലം വാങ്ങാൻ വായ്പ നൽകിയവർക്ക്, പണം തിരിച്ചു നൽകാൻ കഴിയാതെ വന്നത് കൂടുതൽ തിരിച്ചടിയായി. ഇതോടെയാണ് ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റി സ്ഥലം വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി പത്രത്തിൽ പരസ്യം നൽകുകയും ചെയ്തു.
കോയമ്പത്തൂരിലെ ഒരു കമ്പനി ഏക്കറിന് 16 ലക്ഷം രൂപ പ്രകാരം സ്ഥലം ഏറ്റെടുക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെ CPIM നേതാക്കൾക്കിടയിൽ ഭിന്നത ഉയർന്നിട്ടുണ്ട്. ഏക്കറിന് മുപ്പത് ലക്ഷം രൂപ വരെ കിട്ടുന്ന സ്ഥലം, പകുതി വിലയ്ക്ക് വിൽപ്പന നടത്താൻ ശ്രമം നടത്തുന്നു എന്നാണ് ആരോപണം. ഇതിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് ഒരു വിഭാഗം.
എന്നാൽ ഹാച്ചറിയ്ക്ക് അനുയോജ്യമല്ലാത്ത സ്ഥലം ആയതുകൊണ്ടാണ് ഭൂമി വിൽക്കുന്നതെന്നും, കച്ചവടം ഉറപ്പിച്ചിട്ടില്ലെന്നും ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എസ് അജയകുമാർ പറഞ്ഞു. കേരള ചിക്കൻ പദ്ധതിക്കായി വയനാട്ടിൽ തന്നെ സ്ഥലം കണ്ടെത്തുമെന്നും അജയകുമാർ വ്യക്തമാക്കി.