എന്ത് പഴി കേട്ടാലും പദ്ധതി പൂർത്തിയാക്കും എന്ന ഉമ്മൻചാണ്ടിയുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം. കല്ല് ഇട്ടാൽ പദ്ധതി ആവില്ല പക്ഷെ കരാർ ഒപ്പിട്ടാൽ പദ്ധതിയാവുമെന്നും എം. വിൻസെന്റ് പറഞ്ഞു
വിഴിഞ്ഞം തുറമുഖ കമ്മീഷനിങിന് മുമ്പ് ഉമ്മൻ ചാണ്ടിയുടെ കല്ലറിയിൽ എത്തി എം. വിൻസെന്റ് എംഎൽഎ. പദ്ധതി യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചത് കൊണ്ട് മാത്രം. വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ജനത്തിന് അറിയാമെന്നും എം. വിൻസെന്റ് പ്രതികരിച്ചു.
കല്ലറയിൽ പ്രാർഥന അർപ്പിച്ച ശേഷം വിഴിഞ്ഞത്തേക്ക് പോകും. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മൻചാണ്ടി. എന്ത് പഴി കേട്ടാലും പദ്ധതി പൂർത്തിയാക്കും എന്ന ഉമ്മൻചാണ്ടിയുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം. കല്ല് ഇട്ടാൽ പദ്ധതി ആവില്ല പക്ഷെ കരാർ ഒപ്പിട്ടാൽ പദ്ധതിയാവുമെന്നും എം. വിൻസെന്റ് പറഞ്ഞു.
പശ്ചാത്തല വികസനം ഒന്നുമായില്ലെന്നും എം. വിൻസെൻ്റ് പ്രതികരിച്ചു. റെയിൽ, റോഡ് കണക്റ്റിവിറ്റി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഫിഷ് പാർക്ക്, സീ ഫുഡ് പാർക്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. ഒരു കണ്ടെയ്നർ പോലും ഗേറ്റ് കടന്ന് വന്നിട്ടില്ല. റോഡ് കണക്റ്റിവിറ്റി പൂർത്തിയാവാത്തത് മൂലമാണത്. കരാർ ഒപ്പിട്ടു കഴിഞ്ഞാൽ മേൽനോട്ട പ്രവർത്തനം മാത്രമാണ് സർക്കാരിന് ചെയ്യാനുള്ളത്. അത് പോലും കൃത്യമായി ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചു. വിളിച്ചു എന്ന് വരുത്തി വരാതിരിക്കാനുള്ള എല്ലാ കാര്യവും ചെയ്യുകയാണ് സർക്കാർ ചെയ്തത്. വികസനം ആഗ്രഹിക്കുന്ന കേരളത്തിന് സർക്കാർ നിലപാട് ഭൂഷണമല്ലെന്നും എം. വിൻസെന്റ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും എൽഡിഎഫ് ഭയപ്പെടുന്നുവെന്ന് മകൻ ചാണ്ടി ഉമ്മനും പറഞ്ഞു.
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പോർട്ട് ഓഫീസിനു സമീപം പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കെടുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിട്ടു നിൽക്കും.
കമ്മീഷനിങ്ങിനു മുൻപേ ചരിത്രം കുറിച്ചാണ് വിഴിഞ്ഞം തുറമുഖം വികസനത്തിൽ നങ്കൂരമിടുന്നത്. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പ് എം.എസ്.സി തുർക്കിയ്ക്കുൾപ്പെടെ സ്വീകരണമരുളിയാണ് വിഴിഞ്ഞത്തിൻ്റെ പുതിയ ചുവട് വയ്പ്. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ ലോക വ്യാപാര ശൃംഖലയിലേയ്ക്കാണ് തുറമുഖം ഔദ്യോഗികമായി വാതിൽ തുറക്കുന്നത്. ഉദ്ഘാടനത്തിനായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി രാവിലെ 10 മണിയോടു കൂടി രാജ്ഭവനിൽ നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെടും.