
കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ 51 ഡോക്ടർമാർക്ക് നോട്ടീസ്. ഇന്ന് അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ചാണ് ആർജി കർ ആശുപത്രി ഡോക്ടർമാർക്ക് നോട്ടീസയച്ചത്.
ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, സ്ഥാപനത്തിൻ്റെ ജനാധിപത്യ അന്തരീക്ഷം തടസപ്പെടുത്തി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സീനിയർ റെസിഡൻ്റുമാർ, ഹൗസ് സ്റ്റാഫ്, പ്രൊഫസർമാർ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. സമിതിക്ക് മുന്നിൽ ഡോക്ടർമാർ നിരപരാധിത്വം തെളിയിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
ആർജി കർ ഹോസ്പിറ്റലിലെ പ്രത്യേക കൗൺസിൽ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 51 ഡോക്ടർമാർക്ക് ആശുപത്രി പരിസരത്തേക്ക് പ്രവേശന നിയന്ത്രണമേർപ്പെടുത്തി. കോളേജ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. യുവ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ആയിരക്കണക്കിന് ഡോക്ടർമാരാണ് കൊൽക്കത്തയിൽ പ്രതിഷേധിക്കുന്നത്.
ഇതിനിടെ പ്രതിഷേധിക്കുന്ന എല്ലാ ഡോക്ടർമാരോടും ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വിധി പാലിക്കാത്തവർക്കെതിരെ സംസ്ഥാന സർക്കാരിന് അച്ചടക്ക നടപടിയെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നീതി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ. ഓഗസ്റ്റ് 9 നായിരുന്നു ആർജി കർ ഹോസ്പിറ്റലിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.