സുരക്ഷാ സംവിധാനങ്ങളിൽ ഒന്നാമതെന്ന് അവകാശപ്പെട്ട അമേരിക്കയുടെ ആത്മവിശാസത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായും ലോകം വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തെ ഓർമിക്കുന്നു
ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന്‍റെ ഇരുപത്തിമൂന്നാം വാർഷികമാണ് ഇന്ന്. ലോകത്തിന്‍റെ തന്നെ രാഷ്ട്രീയ ഘടന മാറ്റിയ ആക്രമണമായിരുന്നു അമേരിക്കയിൽ അന്നുണ്ടായത്. സുരക്ഷാ സംവിധാനങ്ങളിൽ ഒന്നാമതെന്ന് അവകാശപ്പെട്ട അമേരിക്കയുടെ ആത്മവിശാസത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായും ലോകം വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തെ ഓർമിക്കുന്നു. അൽഖൊയ്ദ തീവ്രവാദ സംഘടന അമേരിക്കയുടെ അഞ്ച് വിമാനങ്ങളാണ് അന്ന് റാഞ്ചിയത്.
2001 സെപ്തംബർ 11. രാവിലെ 7.15ന് പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് വിമാനം, വേൾഡ് ട്രേഡ് സെൻ്ററിൻ്റെ നോർത്ത് ടവറിലെ 80-ാം നിലയിലേക്ക് ഇടിച്ചിറക്കുന്നു. 19 അൽഖ്വയ്ദ ഭീകരവാദികൾ അമേരിക്കൻ സുരക്ഷാ സംവിധാനത്തെ മറികടന്ന് നടത്തിയ ആക്രമണം. ഉദിച്ചുവന്ന സൂര്യകിരണങ്ങളെ ഇരുട്ടു വിഴുങ്ങിയ നിമിഷങ്ങൾ.
സമയം 9.03. രാവിലെ 8.14ന് ടേക്ക് ഓഫ് ചെയ്ത യുണൈറ്റഡ് എയർലൈൻസ് വിമാനം -175 വേൾഡ് ട്രേഡ് സെൻ്ററിൻ്റെ സതേൺ ടവറിൻ്റെ 60-ാം നിലയിലേക്ക് ഇടിച്ചുകയറുന്നു. സമയം 9.37ന് രാവിലെ 8.20ന് പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് വിമാനം-77 പെൻ്റഗണിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇടിച്ചുകയറ്റി.
ആഭ്യന്തര യാത്രയ്ക്ക് ആവശ്യമായതിലധികം ഇന്ധനം നാല് വിമാനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഭീകരരുടെ നീക്കം. ഈ ആക്രമണങ്ങളിൽ 2997 പേർ കൊല്ലപ്പെട്ടു. 75 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. വേൾഡ് ട്രേഡ് സെൻ്ററിൽ മാത്രം കൊല്ലപ്പെട്ടത് 2763 പേർ. പതിനായിരക്കണക്കിന് പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ വേൾഡ് ട്രേഡ് സെൻ്ററിലെ മാത്രം നഷ്ടം 6000കോടി ഡോളറായിരുന്നു.
ആക്രമണത്തിൻ്റെ ശേഷിപ്പുകൾ
അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൻ്റെ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. യുഎസിലെ ബോസ്റ്റണിൽ നിന്ന് ലോസാഞ്ചലസിലേക്ക് പോകുകയായിരുന്ന വിമാനങ്ങളാണ് അഞ്ച് ഭീകരർ ചേർന്ന് റാഞ്ചിയത്. ന്യൂയോര്‍ക്കില്‍ നിന്ന് 8.42ന് പുറപ്പെട്ട വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെങ്കിലും യാത്രക്കാരുടെ ഇടപെടലിനെ തുടർന്ന് ലക്ഷ്യത്തിലെത്തിക്കാനായില്ല. വിമാനം 10:03ന് പെൻസിൽവാനിയയിലെ ഒരു വയൽപ്രദേശത്ത് ഇടിച്ചിറക്കി. യാത്രക്കാരുൾപ്പടെ 44 പേർ കൊല്ലപ്പെട്ടു.
എഫ്ബിഐ അന്വേഷണത്തിൽ, 4000ത്തിലേറെ സ്പെഷ്യൽ ഏജൻ്റുമാരും 3000ത്തിലേറെ എഫ്ബിഐ ജീവനക്കാരും ഭാഗമായി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ് ആക്രമണത്തിൽ നടന്നത്. ഒടുവിൽ ആക്രമണത്തിൻ്റെ സൂത്രധാരൻ ഒസാമ ബിൻ ലാദനെന്ന് എഫ്ബിഐ കണ്ടെത്തി. സൗദി അറേബ്യയിൽ നിന്നുള്ള 15 പേരും യുഎഇയിൽ നിന്ന് 2 പേരും ലെബനനൻ, ഈജിപ്ത് രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് കൃത്യത്തിൽ പങ്കെടുത്തത്.
ഒസാമ ബിൻ ലാദേൻ
ഇവർ 2000 ജനുവരി മുതൽ 2001 ജൂലൈ വരെയുള്ള കാലയളവിലാണ് യുഎസിലേക്ക് എത്തിയത്. നാല് വിമാനങ്ങളിലെയും പൈലറ്റുമാർ പരിശീലനം നേടിയതും യുഎസിലെ വിവിധ പരിശീലന സ്കൂളുകളിൽ നിന്നും. ബിൻ ലാദനായുള്ള തെരച്ചിൽ ഊർജിതമാക്കിയ യുഎസ് സർക്കാർ ഒടുവിൽ 2011ൽ പാകിസ്താനിൽ നിന്നു ലാദനെ കണ്ടെത്തി. ഒളിവിൽ കഴിഞ്ഞ ബിൻലാദനെ സൈന്യം വധിച്ചു. പക്ഷേ, താലിബാനെ തുരത്താൻ അഫ്ഗാനിലേക്ക് യൂറോപ്യൻ രാജ്യങ്ങളെയും കൂട്ടി യുദ്ധത്തിനു പോയ അമേരിക്ക ഇരുപതു വർഷത്തിനു ശേഷം അവർ തന്നെ അധികാരം എൽക്കുന്നതു കണ്ടാണ് മടങ്ങിയത്.