യുഎസുമായുള്ള ആണവക്കരാർ: രണ്ടാം ഘട്ട ചർച്ച റോമിലെന്ന് സ്ഥിരീകരിച്ച് ഇറാന്‍; മധ്യസ്ഥത വഹിക്കാന്‍ ഒമാന്‍

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച എവിടെ നടക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഇറാൻ്റെ സ്ഥിരീകരണം വരുന്നത്
യുഎസുമായുള്ള ആണവക്കരാർ: രണ്ടാം ഘട്ട ചർച്ച റോമിലെന്ന് സ്ഥിരീകരിച്ച് ഇറാന്‍; മധ്യസ്ഥത വഹിക്കാന്‍ ഒമാന്‍
Published on

യുഎസുമായുള്ള ആണവ ചർച്ചയുടെ രണ്ടാം ഘട്ടം റോമിൽ നടക്കുമെന്ന് സ്ഥിരീകരിച്ച് ഇറാൻ. ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ ഒമാൻ മധ്യസ്ഥത വഹിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച എവിടെ നടക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഇറാൻ്റെ സ്ഥിരീകരണം വരുന്നത്. മസ്കറ്റിൽ നടന്ന ചർച്ചകളിലും ഒമാൻ വിദേശകാര്യ മന്ത്രിയാണ് ഇരുവിഭാഗങ്ങൾക്കുമിടയിലെ മധ്യസ്ഥനായത്.


ലോകശക്തികളുമായുള്ള 2015 ലെ ആണവ കരാറിൽ ഇറാന് വേണ്ടി ചർച്ചകളുടെ ഭാ​ഗമായവരിൽ പ്രധാനിയായിരുന്ന തന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളുടെ രാജി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെയാണ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രഖ്യാപനം വന്നത്. റോമിൽ വെച്ചാകും ചർച്ചകൾ നടക്കുകയെന്ന് ഇറാൻ പറയുമ്പോഴും ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല. നെതർ‍ലാൻഡ്സിലേക്കുള്ള യാത്രയ്ക്കിടെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച ആലോചനകൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരം.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിന്റെ തലവൻ റാഫേൽ മരിയാനോ ഗ്രോസിയും (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി) ബുധനാഴ്ച ഇസ്ലാമിക് റിപ്പബ്ലിക്കിൽ എത്തിചേർന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ ഏർപ്പെട്ടാൽ അതിൽ ഐഎഇഎ പരിശോധകർക്ക് പ്രവേശനം ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്ത വരുത്തുന്നതിനായി ആണവ നിരീക്ഷണ സംഘ തലവനും ചർച്ചകളുടെ ഭാ​ഗമായേക്കും.


‌2015ൽ ബാറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനും യുഎസുമുൾപ്പെടെ ആറ് രാജ്യങ്ങൾ തമ്മിൽ ആണവക്കാരിറിൽ ഒപ്പുവെച്ചിരുന്നു. പിന്നീട് ട്രംപ് അധികാരത്തിലെത്തിയതോടെ കരാറിൽ നിന്നും യുഎസ് പിൻമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത് അധികാരത്തിൽ എത്തിയതിന് ശേഷം കരാറുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്. കരാറിന് തയ്യാറായില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്. ആണവക്കരാർ അല്ലെങ്കിൽ സൈനിക നടപടിയെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

യുഎസിന്‍റെ താൽപ്പര്യങ്ങൾ ഇറാനുമേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഒമാൻ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയിൽ മസ്കറ്റിൽ പ്രാഥമിക ഘട്ട ചർച്ചകൾക്ക് ഇറാന്‍ വഴങ്ങുകയായിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com