കേരള തീരത്ത് കടലേറ്റം രൂക്ഷം; കടലെടുക്കുന്ന പ്രദേശങ്ങള്‍ 30 ആയി ഉയര്‍ന്നു

ഇറോഷന്‍ ഹോട്ട്സ്‌പോട്ടായി മുപ്പത് കടല്‍ത്തീരങ്ങളാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മനേജ്‌മെന്റ് ( NCSCM) രേഖപ്പെടുത്തിയിട്ടുള്ളത്.
കേരള തീരത്ത് കടലേറ്റം രൂക്ഷം; കടലെടുക്കുന്ന പ്രദേശങ്ങള്‍ 30 ആയി ഉയര്‍ന്നു
Published on


കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് തീരം കടലെടുക്കുന്നത്. കടലാക്രമണങ്ങള്‍ രൂക്ഷമായ തീരങ്ങളിലായിരുന്നു ഈ ഭീഷണി നിലനിന്നിരുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇറോഷന്‍ ഹോട്ട്സ്‌പോട്ടായി മുപ്പത് കടല്‍ത്തീരങ്ങളാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മനേജ്‌മെന്റ് ( NCSCM) രേഖപ്പെടുത്തിയിട്ടുള്ളത്. NCSCM സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുകയും ആശങ്കയോടെ കാണുകയും ചെയ്ത വിഷയമാണ് തീരം കടലെടുക്കുന്നത്. കാലവര്‍ഷത്തിനിടെ കടലാക്രമണം ശക്തമാകുമ്പോള്‍, തീരത്തേക്ക് തിരമാലകള്‍ മാത്രമായിരുന്നു കയറിവന്നത്. മഴയൊഴിയുമ്പോഴേക്കും തീരം കടല്‍ മടക്കിത്തന്നിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ മിക്ക കടല്‍ത്തീരങ്ങളും പതിയെ പതിയെ കടലെടുക്കുകയാണ്. കാലവര്‍ഷത്തില്‍ കരയിലേക്ക് ഇരച്ചുകയറുന്ന കടല്‍ അതേ വേഗത്തിലും അതേ ദൂരത്തിലും തിരിച്ചിറങ്ങുന്നില്ല.

തീരം കടലെടുക്കുന്ന പ്രദേശങ്ങളുടെ എണ്ണം ഉയര്‍ന്നുവരുന്നു എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മനേജ്‌മെന്റ് ഇപ്പോള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തെക്ക് പൊഴിയൂര്‍ മുതല്‍ വടക്ക് തലപ്പാടി വരെ കാലവര്‍ഷം എത്തുന്നതോടെ കടലാക്രമണം അതിരൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് മാത്രമല്ല, കടലേറ്റം രൂക്ഷമാകാവുന്ന 30 പ്രദേശങ്ങളെ കണ്ടെത്തി ഹോട്ട്സ്‌പോട്ടുകളായും രേഖപ്പെടുത്തിക്കഴിഞ്ഞു.

പൊഴിയൂര്‍, പൂന്തുറ, ബീമാപള്ളി, വലിയതുറ, താഴമ്പള്ളി, ഇരവിപുരം, ആലപ്പാട്, അഴീക്കല്‍, വലിയഴീക്കല്‍ മുതല്‍ ആറാട്ട്പുഴ, ആലപ്പാട് വരെ നീളുന്ന പ്രദേശവും, കറ്റൂര്‍, ചെന്ന, ചെത്തി കടപ്പുറം, ഞാറയ്ക്കല്‍, കാറ, വാടാനപ്പള്ളി, ചേറ്റുവ, പുതു പൊന്നാനി, താനൂര്‍, സദ്ദാം ബീച്ച്, ഗോതീശ്വരം, കോന്നാട്, നൈനാംവളപ്പ് കോതി ബീച്ച്, കുര്യാടി, കൊളാവിപ്പാലം, മൈതാനംപള്ളി, കക്കാടന്‍ചാല്‍, മാട്ടൂല്‍, ചിതരി, കാസര്‍ഗോഡ്, കുമ്പള, തലപ്പാട് എന്നിവയാണ് ഹോട്ട്സ്‌പോട്ടുകളില്‍ എടുത്തുപറയാവുന്നവ.

തീരം കടല്‍ എടുക്കുന്നു എന്നതിനൊപ്പം ആശങ്കപ്പെടുത്തുന്നതാണ് ഇവയില്‍ പല പ്രദേശങ്ങളിലും കടല്‍ഭിത്തി നിര്‍മാണം പ്രായോഗികമല്ലെന്ന കണ്ടെത്തല്‍. കാലാവസ്ഥ വ്യതിയാനമല്ല ഈ പ്രതിഭാസത്തിന് കാരണമെന്നും മറ്റ് മനുഷ്യനിര്‍മിതമായ ഘടകങ്ങളാണ് തീരശോഷണത്തിലേക്ക് നയിക്കുന്നതെന്നുമാണ് NCSCMന്റെ റിപ്പോര്‍ട്ടിലുള്ളത്. താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണമാണ് രണ്ട് കിലോമീറ്ററോളം തീരം കടലെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഴക്കടലില്‍ മണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സി കടല്‍ ഖനനം അടക്കമുള്ളവ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അനധികൃതവും അശാസ്ത്രീയവുമായി നിര്‍മാണങ്ങളും ഭൂഘടനയ്ക്ക് അനുസൃതമല്ലാത്ത കടലാക്രമണ പ്രതിരോധ സംവിധാനങ്ങളും എല്ലാം തീരം കടലെടുക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com