റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്
പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് ജനീഷ് കുമാർ എംഎൽഎയ്ക്കെതിരെ പരാതി. മൂന്ന് പരാതികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞദിവസം രാത്രിയോടെ തന്നെ പരാതി നൽകിയിരുന്നെങ്കിലും വിഷയത്തിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
ALSO READ: "വാക്കുകള്‍ കടുത്തുപോയി, വികാരപ്രകടനം അല്‍പ്പം കടന്നുപോയി"; ഖേദം പ്രകടിപ്പിച്ച് കെ.യു. ജനീഷ് കുമാര്‍
കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എ രോഷത്തോടെ സംസാരിച്ചത്. സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി. കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നും അറസ്റ്റിനുള്ള രേഖകള്‍ നല്‍കണമെന്നും ജനീഷ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ ഫോറസ്റ്റ് സ്‌റ്റേഷനിലെ രോഷ പ്രകടനത്തില്‍ ജനീഷ് കുമാര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയില്‍ ആണെന്നുമാണ് കെയു ജനീഷ് കുമാര്‍ പറഞ്ഞത്. ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തുടർന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഫോറസ്റ്റ് ഓഫീസിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ ശനിയാഴ്ചയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. കൊമ്പനാനയാണ് ചരിഞ്ഞത്. സ്വകാര്യ കൈതത്തോട്ടത്തിനു സംരക്ഷണമായി സ്ഥാപിച്ച സോളര്‍ വേലിക്കു മുകളിലായാണ് ആനയുടെ ശരീരം കിടന്നിരുന്നത്. സൗരോര്‍ജ വേലിയുടെ തൂണും ഒടിഞ്ഞ നിലയിലായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. ആനയുടെ കൃത്യമായ പ്രായം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 20ല്‍ താഴെയാണെന്നാണ് നിഗമനം.