"ഇത്രയും നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടും അതൊക്കെ വെറും വാക്കുകളിലൊതുക്കിയതല്ലാതെ ദേശീയ തലത്തില്‍ ഒരു പ്രതികരണം പോലുമുണ്ടായില്ല. അങ്ങനെ ഒന്നും സംഭവിച്ചിട്ടേ ഇല്ലെന്ന മട്ടിലാണ് പോകുന്നത്"
പഹല്‍ഗാം ഭീകരമാക്രമണത്തിന് പിന്നാലെയുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട പൗരരുടെ വിഷയത്തിൽ ദേശീയ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പക്ഷപാതപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പറഞ്ഞു.
'പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ വൈകാരികമായ ദേഷ്യമോ പ്രതിഷേധമോ ഒന്നും അതിന് ശേഷം ഇന്ത്യൻ അതിര്‍ത്തിയിലെ പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കശ്മീരികളുടെ മരണത്തില്‍ ഉണ്ടാവുന്നില്ല,' ഒമര്‍ അബ്ദുള്ള പറഞ്ഞു. കശ്മീര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടവരെ വലിയ തോതില്‍ അവഗണിച്ചുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
'രജൗരിയും പൂഞ്ചിലും ഉറിയിലും ബാരാമുള്ളയിലുമൊക്കെ നമുക്ക് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. മുസ്ലീങ്ങളെയും ഹിന്ദുക്കളെയും സിക്കുകളെയും നഷ്ടപ്പെട്ടു. നിരവധി പൗരരെയും ജവാന്മാരെയും നഷ്ടപ്പെട്ടു. ഗുരുദ്വാരകളും ക്ഷേത്രങ്ങളും വരെ പാക് ഷെല്ലിങ്ങിന്റെ പരിധിയില്‍ വന്നു. അതുപോലെ പൂഞ്ചിലെ മദ്രസകളും അതില്‍ ഉള്‍പ്പെട്ടു,' ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയും നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടും അതൊക്കെ വെറും വാക്കുകളിലൊതുക്കിയതല്ലാതെ ദേശീയ തലത്തില്‍ ഒരു പ്രതികരണം പോലുമുണ്ടായില്ല. അങ്ങനെ ഒന്നും സംഭവിച്ചിട്ടേ ഇല്ലെന്ന മട്ടിലാണ് പോകുന്നത്.
പഹല്‍ഗാമിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് പകുതി കാര്യങ്ങള്‍ മാത്രമേ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളു. പഹല്‍ഗാമിലെ കഥ എല്ലാവരും പറഞ്ഞു. പക്ഷെ പൂഞ്ചിലെ പാക് ഷെല്ലിങ്ങില്‍ കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളുടെ കാര്യമോ? കശ്മീരില്‍ കൊല്ലപ്പെട്ട സ്ത്രീ, റംബാനിലെ വീട്ടില്‍ കൊല്ലപ്പെട്ട അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍... നിര്‍ഭാഗ്യവശാല്‍ ഈ കഥകളൊന്നും ആരും പറയുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് അതിര്‍ത്തികളില്‍ പാക് ഷെല്ലാക്രമണം രൂക്ഷമായത്. സൈനികരും കശ്മീരി പൗരരുമുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു. പലരുടെയും വീടുകള്‍ തകര്‍ന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെയാണ് അതിര്‍ത്തി ശാന്തമായത്.
ഒമര്‍ അബ്ദുള്ളയും ജമ്മു കശ്മീര്‍ ജില്ലാ കളക്ടറുമടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഷെല്ലാക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.