
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലെത്തി നിൽക്കെ പാകിസ്ഥാന് ധനസഹായം നൽകാനുള്ള ഐഎംഎഫിന്റെ നിലപാടിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിനെ നശിപ്പിക്കാൻ പാകിസ്ഥാന് ഊർജം പകരുന്നതാണ് ഐഎംഎഫിൻ്റെ നടപടിയെന്നാണ് ഒമർ അബ്ദുള്ളയുടെ വിമർശനം. ഐഎംഎഫ് നടപടി പ്രതിഷേധാർഹമെന്നും ഒമർ അബ്ദുള്ള അറിയിച്ചു. എക്സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) യിലൂടെ പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ അനുവദിക്കാനുള്ള നീക്കത്തിലാണ് ഒമർ അബ്ദുള്ള പ്രതിഷേധം അറിയിച്ചത്.
എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) ക്രമീകരണത്തിന് കീഴിലുള്ള പാകിസ്ഥാന്റെ സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ പ്രാരംഭ അവലോകനം എക്സിക്യൂട്ടീവ് ബോർഡ് അവസാനിപ്പിച്ചതായും ഏകദേശം 1 ബില്യൺ യുഎസ് ഡോളർ ഉടനടി വിതരണം ചെയ്യാൻ അനുവദിച്ചതായും ഐഎംഎഫ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
പാകിസ്ഥാനിലെ ഐഎംഎഫ് പദ്ധതികളുടെ ഫലപ്രാപ്തിയില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, എക്സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) വായ്പാ പദ്ധതിയുടെ വോട്ടിങ്ങില്‍ നിന്ന് കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു. പാകിസ്ഥാന് നൽകുന്ന വായ്പ കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് ഇന്ത്യയുടെ അഭിപ്രായം. പാകിസ്ഥാന് നല്‍കുന്ന വായ്പ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. പദ്ധതി നിര്‍വഹണം കാര്യക്ഷമമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മുവിൽ പാക് ആക്രമണം നടന്ന പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സന്ദർശനം നടത്തി. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഒമർ അബ്ദുള്ള സ്ഥിരീകരിച്ചു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്.